നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെയുള്ള പോക്‌സോ കേസ് തമിഴ്‌നാട്ടിലേക്ക് കൈമാറി


കൊച്ചി: നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിക്കെതിരെയുള്ള പോക്‌സോ കേസ് തമിഴ്‌നാട്ടിലേക്ക് കൈമാറി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ഡിജിപി തമിഴ്‌നാടിന് കൈമാറിയത്. സംഭവം നടന്നത് ചെന്നൈയിൽ ആണെന്നത് പരിഗണിച്ചാണ് നടപടി.

നടിക്കെതിരെ ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. പ്രായ പൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. 2014 ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും യുവതിയുടെ ആരോപിച്ചിരുന്നു.

സംഘത്തിന് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞിരുന്നു. ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി വെളിപ്പെടുത്തിയിരുന്നു.