മദ്യവും പുകവലിയുമൊക്കെ ആകാം പക്ഷേ വെജിറ്റേറിയന്‍ ആയിരിക്കണം:ഫ്‌ളാറ്റ്‌മേറ്റിനെ ആവശ്യമുണ്ട് എന്ന യുവതിയുടെ പരസ്യം വൈറല്‍


ഫ്‌ളാറ്റ്‌മേറ്റ്‌നെ ആവശ്യമുണ്ട് എന്ന പോസ്റ്റുകളും പരസ്യങ്ങളും ഒക്കെ കാണാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിത്തീര്‍ന്നിരിക്കുന്നത്.

ബെംഗളൂരുവിലുള്ള ഒരു യുവതിയാണ് ഫ്‌ളാറ്റ്‌മേറ്റിന് വേണ്ടി അന്വേഷിക്കുന്നത്. വന്‍ഷിത എന്ന എക്‌സ് യൂസറാണ് തനിക്ക് ഒരു ഫ്‌ളാറ്റ്‌മേറ്റിനെ വേണം എന്നും ഇതൊക്കെയാണ് കണ്ടീഷന്‍സ് എന്നും കാണിക്കുന്ന പോസ്റ്റ് എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത്. വില്‍സണ്‍ ഗാര്‍ഡനിലുള്ള തന്റെ മൂന്ന് ബെഡ്‌റൂം ഫ്‌ളാറ്റിലേക്കാണ് വന്‍ഷിത ഫ്‌ളാറ്റ്‌മേറ്റിനെ തിരയുന്നത്.

അവരുടെ പോസ്റ്റില്‍ പറയുന്നത്, ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലുള്ള ഫ്‌ളാറ്റിലേക്ക് ഫ്‌ളാറ്റ്‌മേറ്റിനെ വേണം എന്നാണ്. 17,000 രൂപയാണ് വാടക, 70 ഡെപ്പോസിറ്റും. അതുപോലെ ഫ്‌ളാറ്റ്‌മേറ്റ് യംഗ് ആയിരിക്കണം, സ്ത്രീ ആയിരിക്കണം, എളുപ്പം ഒത്തുപോകാന്‍ കഴിയുന്നയാളായിരിക്കണം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. തീര്‍ന്നില്ല, അതിഥികള്‍ വരുന്നതിനോട് പ്രശ്‌നമുള്ളയാളാവരുത്. ഉച്ചത്തിലുള്ള സംഗീതം, മദ്യം, പുകവലി ഇവയൊക്കെ സഹിക്കാന്‍ കഴിയുന്നയാളായിരിക്കണം എന്നും പറയുന്നുണ്ട്.

അടുത്തതായി പറഞ്ഞ കാര്യമാണ് ഈ പോസ്റ്റ് ചര്‍ച്ചയാവാന്‍ കാരണമായിത്തീര്‍ന്നത്. വെജിറ്റേറിയന്‍ ആയിരിക്കണം, ഹിന്ദി സംസാരിക്കുന്ന ആളായിരിക്കണം എന്നതാണ് അത്.

അതിന് വന്‍ഷിത നല്‍കുന്ന വിശദീകരണം, താന്‍ വെജിറ്റേറിയനാണ് എന്നതാണ്. ഇതോടെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിനെ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്. മദ്യവും പുകവലിയും ഒക്കെ പറ്റും, മാംസാഹാരം കഴിക്കുന്ന ആളെയാണോ പറ്റാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. മ?ദ്യവും പുകവലിയും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മാംസം കഴിക്കുന്നത് ഉണ്ടാക്കുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

എന്തായാലും, എന്തുകൊണ്ടാണ് വെജിറ്റേറിയന്‍ ആയിരിക്കണം എന്നു പറയുന്നത് എന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മാംസം കാണുന്നത് ബുദ്ധിമുട്ടാണ് എന്നാണ് അവര്‍ പറയുന്നത്.