റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ കൊല, പിന്നില്‍ സുഹൃത്തുക്കള്‍



ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ 28കാരനെ കാറില്‍ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ സ്വര്‍ണത്തിനായി സഞ്ജയിനെ  കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നായ്ക്കളെ കെട്ടുന്ന തുടല്‍ ഉപയോഗിച്ചാണ് കൊലപാതകം. സംഭവത്തില്‍ സുഹൃത്തുക്കളായ വിശാല്‍ രാജ്പുത്ത്, ജീത്ത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: തൃശൂരിലേത് സംസ്ഥാനത്തെ ഏറ്റവും വലിയ റെയ്ഡ്: ഉദ്യാഗസ്ഥരെത്തിയത് വിനോദയാത്ര ഫ്‌ളക്‌സ് പതിപ്പിച്ച ബസുകളില്‍

മൂന്ന് പേരും ബിയര്‍ പാര്‍ട്ടി നടത്തിയതിന് ശേഷം സഞ്ജയ് യാദവിനെ വിശാലും ജീത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ സഞ്ജയിന്റെ ആഭരണങ്ങള്‍ കൊള്ളയടിക്കുകയും മൃതദേഹം എസ്യുവിയില്‍ കയറ്റി കത്തിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. തിങ്കളാഴ്ച രാത്രി ദാദ്രിയില്‍ വനമേഖലയില്‍ നിന്നാണ് കത്തിനശിച്ച എസ്യുവി കണ്ടെത്തിയത്. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജിത്തുവും ചോദ്യം ചെയ്യലില്‍ പറഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം സഞ്ജയ് പ്രതികളെ കാണാനെത്തി.

തുടര്‍ന്ന് മൂവരും ബിയര്‍ കഴിച്ചു. ഇതിനിടെ നായയെ കെട്ടുന്ന തുടല്‍ ഉപയോഗിച്ച് വിശാലും ജീത്തും യാദവിനെ ശ്വാസം മുട്ടിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം എസ്യുവിയുടെ പിന്‍സീറ്റില്‍ ഇട്ട് പെട്രോളൊഴിച്ച് തീകൊളുത്തി. തീയിടുന്നതിനിടെ ജിതിന് നേരിയ പൊള്ളലേറ്റു. പ്രതിയില്‍ നിന്ന് പണവും രണ്ട് സ്വര്‍ണ മോതിരങ്ങളും ഒരു ബ്രേസ്ലെറ്റും ഒരു സ്വര്‍ണ ചെയിനും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഡോഗ് കോളറും കണ്ടെത്തിയിട്ടുണ്ട്.