അന്തർസംസ്ഥാന ആയുധക്കടത്ത് സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ് : കണ്ടെത്തിയത് 12 നാടൻ പിസ്റ്റളുകൾ


ചണ്ഡീഗഡ് : പഞ്ചാബിൽ അന്തർസംസ്ഥാന ആയുധക്കടത്ത് സംഘത്തെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു.

മധ്യപ്രദേശിൽ നിന്ന് ആയുധങ്ങൾ വാങ്ങി വിവിധ അക്രമി സംഘങ്ങൾക്ക് മറിച്ച് വിൽക്കുന്നവരാണിവർ എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേ സമയം പിടികൂടിയവരിൽ നിന്നും 12 നാടൻ പിസ്റ്റളുകളും 16 മാഗസിനുകളും 23 വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് അമൃത്‌സറിലെ പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം തുടരുകയാണെന്നും ഡിജിപി പറഞ്ഞു.

ഇതിനു പുറമെ സംഘടിത കുറ്റകൃത്യങ്ങൾക്കും അനധികൃത ആയുധക്കടത്തിനും എതിരെ കർശന നടപടിയാണ് പഞ്ചാബ് പോലീസ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.