മണിപ്പൂരിൽ അറസ്റ്റിലായത് ആറ് തീവ്രവാദികൾ : പിടിയിലായത് പീപ്പിൾസ് വാർ ഗ്രൂപ്പ് അംഗങ്ങളെന്ന് പോലീസ്


ഇംഫാൽ: മണിപ്പൂരിലെ തൗബാൽ, ബിഷ്ണുപൂർ ജില്ലകളിൽ നിന്നുമായി രണ്ട് നിരോധിത സംഘടനകളിൽപ്പെട്ട ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കാംഗ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പീപ്പിൾസ് വാർ ഗ്രൂപ്പ്) അഞ്ച് തീവ്രവാദികളെ തൗബാലിലെ ചരംഗ്പത് മായൈ ലെയ്കയിൽ നിന്നാണ് പിടികൂടിയത്. ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

തോക്‌ചോം ബിക്രം സിംഗ് (29), സിനം ബിജെൻ സിംഗ് (37), തങ്‌ജം ദീപക് സിംഗ് (30), ലംബമയൂം നവോബി സിംഗ് (26), ഹുയിനിംഗ്‌സുംബം ടോൺ സിംഗ് (21) എന്നീ ഭീകരരാണ് പിടിയിലായതെന്ന് പോലീസ്
പ്രസ്താവനയിൽ അറിയിച്ചു.

ഇവരിൽ നിന്നും ഒരു ഗ്രനേഡ്, അഞ്ച് മൊബൈൽ ഹാൻഡ്‌സെറ്റുകൾ, 13 സിം കാർഡുകൾ, ഒരു ഫോർ വീലർ എന്നിവയും പിടിച്ചെടുത്തു.

അതേ സമയം ശനിയാഴ്ച ബിഷ്ണുപൂർ ജില്ലയിലെ കുമ്പി പ്രദേശത്ത് നിന്ന് പിആർഇപിഎകെ (പിആർഒ) സംഘടനയിൽ പെട്ട ഒരു തീവ്രവാദിയെയും പോലീസ് അറസ്റ്റ് ചെയ്തു. അല്ലു (32) എന്ന നോങ്മൈതേം ഗുണമണി എന്ന തീവ്രവാദിയാണ് പിടിയിലായത്.

ഇയാൾ കൊള്ളപ്പലിശയിൽ ഏർപ്പെട്ടിരുന്നുവെന്നും ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രനേഡ് പിടിച്ചെടുത്തുവെന്നും പോലീസ് കൂട്ടിച്ചേർത്തു.