വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു തീ പിടിച്ചു: പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി റിപ്പോർട്ട്


ന്യൂഡൽഹി: ആഗ്രയില്‍ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന് യാത്ര തുടർന്ന‌ വിമാനം ആഗ്രയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. അപകടത്തെ തുടർന്ന് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തകർന്നുവീണതിന് പിന്നാലെ തീപിടിച്ച വിമാനം കത്തിയമരുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുക്കാർ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. അപകട സൂചന ലഭിച്ചതിനെ തുടർന്ന് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക വിവരം.