ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻറെയിൽവേ. ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്.16 ലക്ഷത്തിൽ കൂടുതൽപേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ മുക്കും മൂലയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന ബൃഹത് ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ.
ഇപ്പോഴിതാ ഇന്ത്യന്‍ റെയില്‍വേക്ക് ഒരു റെക്കോഡ് നേട്ടം കൂടി കൈവരിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് ട്രെയിനുകളില്‍ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഈ മാസം (നവംബര്‍) നാലിന് ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്ത ആളുകളുടെ എണ്ണം മൂന്ന് കോടിയാണ്. ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇത്രയും ആളുകള്‍ ഒരേ ദിവസം രാജ്യത്തെ റെയില്‍വേ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത് ആദ്യമായിട്ടാണ്.
ഇന്ത്യയെക്കാള്‍ വലിയ രാജ്യമായ ഓസ്ട്രേലിയയുടെ ജനസംഖ്യയുടെ അത്രയും ആണ് ഒറ്റദിനം കൊണ്ട് ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്തത്. തിരക്കുള്ള ഉത്സവദിനങ്ങളിലും കൂടുതലായുള്ള യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആളുകള്‍ റെയില്‍വേയെ ആശ്രയിക്കുന്നു എന്നത് വലിയ കാര്യമായി ഇന്ത്യന്‍ റെയില്‍വേ കരുതുന്നു. ജനങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാവുന്ന യാത്രാമാര്‍ഗ്ഗമായി ഇന്ത്യന്‍ റെയില്‍വേ മാറുന്നതിന്റെ സൂചനയാണിത്. ഈ റെക്കോഡ് സംഖ്യ ആകട്ടെ ലോകത്തിലെ പല രാജ്യങ്ങളും കൂടിച്ചേര്‍ന്നാല്‍ പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണ്.
കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുകയും അവരുടെ യാത്രാ ആവശ്യം നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നതിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും ഇന്ത്യന്‍ റെയില്‍വേ പറയുന്നു. നവമ്പര്‍ നാലിന് യാത്ര ചെയ്ത ആകെയുള്ള മൂന്ന് കോടി ജനങ്ങളില്‍ 1.20 കോടി പേര്‍ നഗര ഇതര യാത്രക്കാര്‍ (നോണ്‍ സബര്‍ബന്‍) ആണ്. നഗരയാത്രക്കാര്‍ (സബര്‍ബന്‍) ആണ് ബാക്കിയുള്ള 1.8 കോടി പേര്‍.