ന്യൂദല്‍ഹി : രാജ്യത്തേക്ക് ബംഗ്ലാദേശ് പൗരന്മാരുടെ അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസില്‍ പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും ഇഡി വ്യാപക തിരച്ചിൽ നടത്തി. ഇരു സംസ്ഥാനങ്ങളിലേയും 17 ഇടങ്ങളിലായിട്ടാണ് ഇഡി റെയ്ഡ് നടത്തിയത്.
ഇരു സംസ്ഥാനങ്ങളിലെയും പോലീസുമായി ചേര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്. അനധികൃതമായി ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറിയതും ഇന്ത്യന്‍ പൗരത്വം തെളിയിക്കാനായി വ്യാജ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ തയ്യാറാക്കിയതായും നേരത്തെ കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ ആറിന് റാഞ്ചിയിലെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പശ്ചിമ ബംഗാളിലും ഇതിന് സമാനമായ രീതിയില്‍ കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ ആസൂത്രിത സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പെണ്‍കുട്ടികളെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും കടത്തി കൊണ്ടുവന്ന് അവര്‍ക്ക് ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കാനായി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കള്ളപ്പണ ഒഴുക്ക് പരിശോധിക്കുന്നതിനായാണ് ഇഡി പരിശോധന നടത്തുന്നത്. പരിശോധനകൾ ഇനിയും തുടരുമെന്ന് ഏജൻസി അറിയിച്ചു.