ദൽഹിയിൽ വായു നിലവാരം ഏറ്റവും മോശം നിലയിൽ എത്തി : വൈക്കോൽ കൂനകൾ കത്തിക്കുന്നത് ദോഷമാകുമ്പോൾ


ന്യൂദൽഹി: ദൽഹിയിലും പരിസര പ്രദേശങ്ങളിലും ഈ സീസണിൽ ആദ്യമായി വായു നിലവാരം ഏറ്റവും മോശം നിലയിൽ എത്തി. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) 429 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയർന്നത്. ചൊവ്വാഴ്ചഎ.ക്യു.ഐ 334 ആയിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച് ദൽഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളിൽ 30 എണ്ണവും ‘സീരിയസ്’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരം വരെ തുടർച്ചയായി 14 ദിവസം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന വിഭാഗത്തിലായിരുന്നു. സമീപ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതായും റിപ്പോർട്ടുണ്ട്.