നീന്തല്‍കുളത്തില്‍ മൂന്നു യുവതികളുടെ മൃതദേഹം : റിസോര്‍ട്ട് ഉടമ അറസ്റ്റില്‍


മംഗളൂരു: മൂന്ന് വിദ്യാർഥിനികള്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ റിസോർട്ട് ഉടമ അറസ്റ്റില്‍. ഉച്ചിലയിലെ വാസ്‌കോ ബീച്ച്‌ റിസോർട്ട് ഉടമ മനോഹർ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെയാണ് സോമേശ്വര ഉച്ചിലയിലെ ബീച്ച്‌ റിസോർട്ടിലെ നീന്തല്‍ക്കുളത്തില്‍ മൈസൂരില്‍ അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിനികളായ നിഷിത എം.ഡി, പാർവതി എസ്, കീർത്തന എന്നിവർ മുങ്ങിമരിച്ചത്. നീന്തല്‍കുളത്തില്‍ പാലിക്കേണ്ട നിർദേശങ്ങള്‍ റിസോർട്ട് അവഗണിച്ചതാണ് അപകടത്തിന് കാരണം. സ്ഥലത്ത് ലൈഫ് ഗാർഡുകളുണ്ടായിരുന്നില്ല. കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.

read also: മണിപ്പുരില്‍ സംഘര്‍ഷം : 50 കമ്പനി കേന്ദ്രസേനയെക്കൂടി അയച്ച്‌ ആഭ്യന്തരമന്ത്രാലയം

ഇന്നലെ രാവില 10 മണിക്ക് കുളത്തിന്റെ ആറടി താഴ്ചയുള്ള ഭാഗത്തേക്ക് ഒരു വിദ്യാർഥിനി തെന്നിവീഴുകയായിരുന്നു. ഈ വിദ്യാർഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടുവെന്നും മൂന്നുപേർക്കും നീന്തല്‍ അറിയാത്തതാണ് മരണത്തിന് കാരണമെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ പറഞ്ഞു. റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്‌പെൻഡ് ചെയ്തു.