തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം



തിരുവനന്തപുരം: തിരുച്ചെന്തൂർ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരുച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ (45), ബന്ധവും പാറശ്ശാല സ്വദേശിയുമായ ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്.

തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൈകീട്ട് നാലിനായിരുന്നു സംഭവം. ദൈവാനാ എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.

read also: യുവതിയുടെ ആത്മഹത്യ: സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പാറശ്ശാലയ്ക്ക് സമീപം പളുകല്‍ സ്വദേശിയായ ശിശുപാലൻ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധു വീട്ടിലെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ആനയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.