മുംബൈ : മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ വിജയം ഉറപ്പിച്ച് മഹായുതി സഖ്യം. വിജയം ഉറപ്പായതോടെ മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ മുറുകി.
എന്നാല്‍ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തില്‍ തര്‍ക്കമില്ലെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ ഒന്നിച്ചിരുന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ആദ്യ ദിവസം മുതല്‍ തീരുമാനിച്ചതെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കുമെന്നും ഇതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹായുതി മഹാരാഷ്ട്രയില്‍ വിജയത്തിലേക്ക് നീങ്ങുന്ന വേളയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ‘ഏക് ഹേ തോ സേഫ് ഹേ’ (നമ്മള്‍ ഐക്യത്തോടെ നിന്നാല്‍ സുരക്ഷിതരായിരിക്കും) എന്ന് ട്വീറ്റ് ചെയ്തു. മോദിയുണ്ടെങ്കില്‍ വിജയം സാധ്യമാണെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ബിജെപി അതിന്റെ ഏറ്റവും ഉയര്‍ന്ന സീറ്റ് എന്ന നിലയിലേക്കാണിപ്പോള്‍ എത്തിയിരിക്കുന്നത്.