വിഖ്യാത പരിശീലകൻ മാഴ്സെലോ ബിയേൽസയുടെ ഡഗ്ഔട്ടിലേക്കുള്ള തിരിച്ചുവരവിന് വഴിതെളിയുന്നു. പുതിയ സൂചനകൾ പ്രകാരം യുറുഗ്വെ ദേശീയ ടീമാണ് ബിയേൽസയെ ഒപ്പം കൂട്ടാൻ താൽപര്യപ്പെടുന്നത്. അർജന്റീനയിലെ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിൽ യുറുഗ്വെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ പരിശീലകൻ ഡീഗോ അലോൻസോ സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്നിപ്പോൾ ഇടക്കാല പരിശീലകൻ മാഴ്സെലോ ബ്രോളിയുടെ കിഴീലാണ് യുറുഗ്വെ. എന്നാലിപ്പോൾ ബിയേൽസയെ ദേശീയ ടീം ദൗത്യം ഏൽപ്പിക്കാനാണ് യുറുഗ്വെ ഫുട്ബോൾ അധികൃതരുടെ താൽപര്യം. ഇരുകൂട്ടരും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ മുന്നേറുകയാണെന്നാണ് സൂചന. ലോകകപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാകുന്നതുവരെയുള്ള കരാറാണ് യുറുഗ്വെ ബിയേൽസയ്ക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് സൂചന.
അർജന്റൈൻ പരിശീലകനായ ബിയേൽസ, ഇംഗ്ലീഷ് ക്ലബ് ലീഡ്സിനൊപ്പമാണ് ഒടുവിൽ പ്രവർത്തിച്ചത്. അർജന്റീന, ചിലെ ദേശീയ ടീമുകൾക്കൊപ്പം മുമ്പ് ബിയേൽസ പ്രവർത്തിച്ചിട്ടുണ്ട്. മാഴ്സെ, ലീൽ, അത്ലെറ്റിക്ക് ബിൽബാവോ തുടങ്ങിയ ക്ലബുകളേയും ബിയേൽസ പരിശീലിപ്പിച്ചിട്ടുണ്ട്.