ഇക്കുറി ഐപിഎല്ലിൽ ആർസിബിക്കായി ഓപ്പണിങ് ഇറങ്ങി മികച്ച ഫോമിലാണ് വിരാട് കോഹ്ലി. ഇതുവരെ രണ്ട് അർധസെഞ്ച്വറികൾ ആർസിബിക്കായി ഓപ്പൺ ചെയ്ത കോഹ്ലി നേടി. ഇതോടെ ഐപിഎല്ലിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്തും ഇപ്പോൾ കോഹ്ലിയുണ്ട്.
ഓപ്പണറെന്ന നിലയിൽ ബാറ്റ് കൊണ്ട് റൺസ് കണ്ടെത്താൻ കോഹ്ലിക്ക് സാധിക്കുന്നുണ്ട്. എങ്കിലും കോഹ്ലി ആർസിബിക്കായി ഓപ്പൺ ചെയ്യുന്നത് തുടരരുതെന്നാണ് മുൻ ഇന്ത്യൻ സൂപ്പർതാരം ഇർഫാൻ പത്താൻ പറയുന്നത്. ഓപ്പണറായി കോഹ്ലി റൺസ് കണ്ടെത്തുന്നുണ്ട്, പക്ഷെ ഇതേ ഫോമിൽ കോഹ്ലി സീസണിലെ തുടർന്നുള്ള മത്സരങ്ങളിലും റൺസ് നേടുമെന്നോ അതുവഴി ടീമിനെ വിജയിപ്പിക്കുമെന്നതിനോ ഒരു ഉറപ്പുമില്ല, അതുകൊണ്ട് തന്നെ ആർസിബിയിലെ മറ്റ് ബാറ്റർമാരും ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകേണ്ടതുണ്ട്, തങ്ങളുടെ കഴിവിനോടും ലഭിക്കുന്ന റോളിനോടും അവർക്ക് നീതിപുലർത്താൻ കഴിയണം, പത്താൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡിയും കോഹ്ലിയും ഫാഫ് ഡുപ്ലെസിസും സ്ഥിരമായി ഓപ്പൺ ചെയ്യുന്നത് ആശങ്കയ്ക്ക് കാരണാമാണെന്ന് പറഞ്ഞു. എന്റെ അഭിപ്രായത്തിൽ ആർസിബിയുടെ മധ്യനിര ദുർബലമാണ്, എതിരാളികൾ ഈ സാഹചര്യം മുതലാക്കും, പവർപ്ലേയിൽ തന്നെ കോഹ്ലിയുടേയും ഡുപ്ലെസിസിന്റേയും വിക്കറ്റുകൾ വീഴ്ത്താനായാൽ എതിർടീമുകൾക്ക് മത്സരത്തിൽ മേൽക്കൈ നേടാനാകും, മൂഡി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.