ഗുജറാത്ത് ടൈറ്റൻസിന് എതിരായ ഐപിഎൽ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ തന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എന്ന് മാത്രമല്ല രണ്ട് കളികളിൽ സംപൂജ്യനായി മടങ്ങിയ താരം ഇന്നലെ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്ക് വച്ചപ്പോൾ ആരാധകരും പൂർണമായി വിശ്വാസത്തിൽ എടുത്തിരുന്നില്ല.
എന്നാൽ ഗുജറാത്തിനെതിരായ മത്സരം അവസാനിച്ചപ്പോൾ ജയവും രണ്ട് പോയിന്റും കീശയിലാക്കിയ റോയൽസിന്റെ ബാറ്റിങ് മുന്നിൽ നിന്ന് നയിച്ചത് സഞ്ജു സാംസൺ തന്നെയായിരുന്നു… പതിമൂന്നാം ഓവറിൽ ടി20 ക്രിക്കറ്റിൽ നിലവിലെ ലോക ഒന്നാം നമ്പർ ബൗളറായ റാഷിദ് ഖാനെ ഹാട്രിക് സിക്‌സർ പായിച്ച സഞ്ജുവിന്റെ ഷോട്ടുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
യശ്വസി ജയ്‌സ്വാൾ തുടക്കത്തിലേ പുറത്തായപ്പോഴും സമചിത്തത കൈവിടാതെ ടീമിനെ മുന്നോട്ട് നയിച്ച രാജസ്ഥാൻ നായകൻ തന്റെ പ്രതിഭ ഒരിക്കൽ കൂടി തെളിയിച്ചു. ഒടുവിൽ 32 പന്തിൽ 60 റൺസെടുത്താണ് സഞ്ജു പവലിയനിലേക്ക് മടങ്ങിയത്. സഞ്ജു പുറത്തായെങ്കിലും ഫിനിഷറുടെ റോൾ തന്റെ കൈയിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതോടെ രാജസ്ഥാന് നാലാം ജയം.