മുംബൈ അർജുൻ ടെണ്ടുൽക്കറെ പിന്തുണയ്‌ക്കണം

അർജുൻ ടെണ്ടുൽക്കറിന് മുംബൈ ഇന്ത്യൻസിന്റെ പിന്തുണ ആവശ്യമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്‌റ്റ് ബൗളർ ടോം മൂഡി, പ്രത്യേകിച്ച് പഞ്ചാബ് കിംഗ്‌സിനെതിരെ ശനിയാഴ്‌ച നേരിടേണ്ടി വന്ന തോൽവിയിൽ താരം മോശം പ്രകടനം നടത്തിയ ശേഷം. 23കാരനായ ഇടങ്കയ്യൻ പേസറിനൊപ്പം 5 തവണ ചാമ്പ്യൻമാർ ഉറച്ചു നിൽക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മൂഡി പറഞ്ഞു.

വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് 13 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടത്. 214 റൺസ് വിജയ ലക്ഷ്യവുമായാണ് ടീം ഇറങ്ങിയത്. മുംബൈ ഇന്ത്യൻസിന്റെ ഒട്ടുമിക്ക ബൗളർമാരും തല്ലുകൊണ്ട ദിവസം അർജുൻ ടെണ്ടുൽക്കർ 3 ഓവറിൽ 48 റൺസാണ് വഴങ്ങിയത്. ഇടങ്കയ്യൻ പേസറുടെ മൂന്നാം ഓവറിൽ സാം കറനും ഹർപ്രീത് സിംഗും ചേർന്ന് 31 റൺസെടുക്കുകയും ചെയ്‌തിരുന്നു.

അർജുൻ ടെണ്ടുൽക്കർ പവർപ്ലേയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഴിവുകൾ മികച്ച രീതിയിൽ നിർവഹിക്കാൻ മുംബൈ ഇന്ത്യൻസ് പിന്തുണയ്ക്കണമെന്നും ടോം മൂഡി പറഞ്ഞു. നേരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ 20 റൺസ് പ്രതിരോധിച്ച താരം മുംബൈയ്ക്ക് ജയം ഒരുക്കിയിരുന്നു.

2021 സീസൺ മുതൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്ന അർജുൻ ടെണ്ടുൽക്കർ ഈ സീസണിലാണ് അരങ്ങേറ്റം കുറിച്ചത്. ഇടങ്കയ്യൻ പേസർ 3 മത്സരങ്ങളിൽ നിന്ന് 10 എന്ന എക്കോണമി റേറ്റിൽ 2 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ന് അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം.