ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ; മലേഷ്യയെ കീഴടക്കിയത് ത്രില്ലർ പോരാട്ടത്തിൽ


ചെന്നൈ: ആവേശം നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിനൊടുവിൽ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ജേതാക്കളായി. ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്.

ഒമ്പതാം മിനിറ്റില്‍ തന്നെ ഇന്ത്യ ലീഡെടുത്തു. ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം മലേഷ്യ തിരിച്ചടിച്ചു. 14ാം മിനിറ്റില്‍ അബു കമല്‍ അസ്രായിലൂടെയാണ് മലേഷ്യ ഗോൾ നേടിയത്. 18ാം മിനിറ്റില്‍ റാസി റഹീമിലൂടെ മലേഷ്യ ലീഡ് നേടി. 28ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി മൂന്നാം ഗോളും നേടി. ഇത്തവണ അമീനുദ്ദീന്‍ മുഹമ്മദാണ് മലേഷ്യയ്ക്കായി വലകുലുക്കിയത്.

എന്നാല്‍ ആ ഘട്ടത്തിലും പോരാട്ടവീര്യം വിടാതെ കളിച്ച ശക്തമായി തിരിച്ചടിച്ചതാണ് പിന്നീട് കണ്ടത്. ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ ഇന്ത്യ തുടരെത്തുടരെ മലേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ചു. അവസാന ക്വാര്‍ട്ടറിന് മുമ്പ് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. പിന്നാലെ ഗുര്‍ജന്ത് സിങ് സമനില ഗോളും നേടിയതോടെ മത്സരം ആവേശകരമായി. കളിതീരാൻ മിനിറ്റുകള്‍ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ വിജയഗോളുമെത്തി. 56ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ മലേഷ്യയുടെ കിരീടസ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞത്.

ഇതോടെ നാല് തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ഏക രാജ്യമായി ഇന്ത്യ മാറി. മൂന്ന് കിരീടങ്ങള്‍ നേടിയ പാകിസ്ഥാന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്.

Summary: The Indian men’s hockey team claimed a memorable 4-3 win over Malaysia at the Mayor Radhakrishnan Stadium in Chennai on Saturday to clinch the prestigious Asian Champions Trophy 2023.