കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐപിഎൽ ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ ലീഗുകളിലൊന്നാണ്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ ജുലൈ മാസത്തിൽ ഏറ്റവുമധികം ഇന്‍ററാക്ഷൻ കൈവരിച്ച ഏഷ്യയിലെ കായിക ടീമുകളുടെ പട്ടികയിൽ ഒരു ഐപിഎൽ ടീം മുന്നിലെത്തിയിരിക്കുന്നു. ഡിപോർട്ടെസ് ആൻഡ് ഫിനാൻസാസ് നടത്തിയ പഠനമനുസരിച്ച് 64.2 മില്യൺ പങ്കാളിത്തത്തോടെ ഏഷ്യയിലെ ഏറ്റവും ജനപ്രിയ ടീമായി വിരാട് കോഹ്ലിയുടെ ആർസിബി മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ക്ലബ്ബാണ് രണ്ടാം സ്ഥാനത്ത്. റൊണാൾഡോയുടെ മികവിൽ സൗദി പ്രീമിയർ ലീഗ് കിരീടം നേടിയതോടെയാണ് അവർ രണ്ടാം സ്ഥാനത്തെത്തിയത്. അൽ നാസർ മൊത്തം 60.9 ദശലക്ഷം ഇന്‍ററാക്ഷൻ നേടി.
ഐപിഎൽ 2023 നേടിയതിന് ശേഷം ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് മൊത്തം 55.6 മില്യൺ ഇടപെടലാണ് സി.എസ്.കെയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഉണ്ടായത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയിച്ച ടീമായ മുംബൈ ഇന്ത്യൻസാണ് ഇൻസ്റ്റാഗ്രാം പട്ടികയിൽ നാലാം സ്ഥാനത്ത്.
2023 ജൂലൈയിൽ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും ജനപ്രിയമായ ഏഷ്യൻ കായിക ടീമുകൾ
മൊത്തം ഇടപെടലുകൾ പ്രകാരം റാങ്കിംഗ്
1. ആർസിബി: 64,2 മില്യൺ
2. അൽ നാസർ എഫ്‌സി: 60,9 മില്യൺ
3. ചെന്നൈ സൂപ്പർ കിംഗ്സ്: 55,6 മില്യൺ
4. മുംബൈ ഇന്ത്യൻസ്: 38,2 മില്യൺ
5. പെർസിജ: 22,0 മില്യൺ
അതേസമയം, ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ വിരാട് കോലി. ഏഷ്യാ കപ്പിൽ, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ കുറഞ്ഞത് രണ്ട് തവണ ചിരവൈരികളായ പാകിസ്ഥാനുമായി കളിക്കേണ്ടിവരും, ഇരു ടീമുകളും ഫൈനലിലെത്തിയാൽ മൂന്നാം തവണ ഇത്തവണത്തെ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.