30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ക്യൂബ- കേരളം സംയുക്ത കരുനീക്കം; ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത്

Date:


തിരുവനന്തപുരം: കേരളവും ക്യൂബയും സംയുക്തമായി സംഘടിപ്പിക്കുന്ന ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന് നവംബർ 16ന് തിരുവനന്തപുരത്ത് തിരിതെളിയും. ലാറ്റിനമേരിക്കന്‍ വിപ്ലവകാരി ചെ ഗുവേരയുടെ പേരിലാണ് അദ്ദേഹത്തിന്റെ  ഇഷ്ടവിനോദമായ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 20 വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ചെസ് ഫെസ്റ്റിവല്‍ നവംബർ 16ന് മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും. കായിക-യുവജനകാര്യ വകുപ്പു മന്ത്രി  വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസത്തെ മത്സരങ്ങൾ ജിമ്മി ജോർജ് സ്റ്റേഡിയത്തിലും തുടർന്നുള്ള ദിവസരങ്ങളിലെ മത്സരങ്ങൾ ഹയാത്ത് റീജൻസിയിൽ പ്രത്യേക സജ്ജീകരിച്ച വേദിയിൽ അരങ്ങേറും.

ക്യൂബയിൽ നിന്നുള്ള ഗ്രാൻഡ് മാസറ്റർമാരും ഇന്റർനാഷനൽ മാസ്റ്റർമാരും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാരും പങ്കെടുക്കുന്ന മത്സരങ്ങളിൽ വിവിധ മത്സരങ്ങളിൽ വിജയികളായ 64 കേരള ചെസ് താരങ്ങളും മത്സരിക്കും. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നാണ് നിര്‍വഹിക്കുക

കായിക രംഗത്ത് കേരളം ക്യൂബയുമായി സഹകരിക്കുന്നതിന് ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്യൂബ സന്ദർശനത്തിൽ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ കായിക സംരംഭം കൂടിയാണ് ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവൽ.

ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം 14 ജില്ലകളിലും ചെസ് മത്സരങ്ങൾ സംഘടിപ്പിക്കും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവരും അണ്ടർ 16, അണ്ടർ 19 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ് വിജയികളും ക്യൂബൻ, ഇന്ത്യൻ താരങ്ങളുമായി മത്സരിക്കും. ആഗോള തലത്തിൽ ശ്രദ്ധേയരായ ഇന്ത്യൻ ഗ്രാനഡ്മാസ്റ്റർമാരായ പ്രഗ്യാനന്ദയും കേരളത്തിന്റെ സ്വന്തം നിഹാൽ സരിനും ഏറ്റുമുട്ടുന്ന മത്സരവും ഈ ചെസ് ഉത്സവത്തിന്റെ ഭാഗമായി നടക്കും.

കേരളത്തിലെ ചെസ് കളിക്കാർക്കു വേണ്ടി ക്യൂബയുടേയും ഇന്ത്യയുടേയും താരങ്ങളും പരിശീലകരും നയിക്കുന്ന പ്രത്യേക ശിൽപ്പശാലകളും ചെസ് ഉത്സവത്തിന്റെ ഭാഗമായി നടക്കും.
ഉദ്‌ഘാടന ദിവസം നാല് ക്യൂബൻ, ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാർ കേരളത്തിലെ വിവിധ മത്സരങ്ങളിൽ വിജയിച്ച 64 പേരുമായി ഒരേ സമയം കളിക്കും. വിദ്യാർത്ഥികൾക്കായി ഒരു ചെസ് ടൂർണമെന്റും അന്നേ ദിവസം സംഘടിപ്പിക്കും.

രണ്ടാം ദിനം ക്യൂബയും കേരളവും തമ്മിലുള്ള റാപിഡ്, ബ്ലിറ്റ്സ് മത്സരങ്ങൾ നടക്കും. ക്യൂബയിൽ നിന്നുള്ള മൂന്ന് ഗ്രാൻഡ്മാസ്റ്റർമാരും ഒരു ഇന്റർനാഷണൽ മാസ്റ്ററും കേരളത്തിൽ നിന്നുള്ള ഒരു ഗ്രാൻഡ്മാസ്റ്റർ, രണ്ട്‌ ഇന്റർനാഷണൽ മാസ്റ്റർമാർ, ഒരു ഫിഡെ മാസ്റ്റർ എന്നിവർ ഈ മത്സരങ്ങളിൽ പങ്കെടുക്കും. മത്സരങ്ങൾ വലിയ എൽഇഡി സ്ക്രീനിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ലോകത്തെവിടെ ഇരുന്നും വീക്ഷിക്കാവുന്ന ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും.

മൂന്നാം ദിവസം കേരളവും ക്യൂബയും തമ്മിലുള്ള മത്സരം രാവിലെ നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പ്രത്യേക സെഷനിൽ രണ്ട് ഇന്റർനാഷണൽ മാസ്റ്ററർമാരുടെ നേതൃത്വത്തിൽ ചെസ് പരിശീലന ശിൽപ്പശാല നടക്കും. നാലാം ദിനം ചെസ് ഗ്രാൻമാസ്റ്ററും പ്രമുഖ രാജ്യാന്തര ചെസ് പരിശീലകനുമായ ആർ ബി രമേശ് കുട്ടികൾക്കായി ചെസ് ക്ലാസ് നയിക്കും. പ്രഗ്യാനന്ദയുടെയും സഹോദരി ആർ വൈശാലിയുടെയും കോച്ച് കൂടിയാണ് രമേശ്.

അഞ്ചാം ദിനം ഈ ചെസ് ഉത്സവത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം അരങ്ങേറും. പുതിയ ഇന്ത്യൻ സെൻസേഷനായി മാറിയ ഗ്രാൻഡ്മാസ്റ്റർ പ്രഗ്യാനന്ദയും കേരളത്തിന്റെ പ്രിയതാരം ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനും രണ്ട് റാപ്പിഡ്, ഒരു ബ്ലിറ്റ്സ് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം പ്രഗ്യാനന്ദയും നിഹാൽ സരിനും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 16 ബാല ചെസ് താരങ്ങളുമായി കളിക്കും. തുടർന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ചെസ് താരങ്ങളെ അനുമോദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related