World Cup | ഹർദിക് പാണ്ഡ്യ ടീമിൽ മടങ്ങിയെത്തും; സൂര്യകുമാർ യാദവ് പുറത്തേക്ക്


ഒക്ടോബർ 29-ന് ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിലെ ആറാമത്തെ മത്സരത്തിൽ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. 2023 ലോകകപ്പിൽ ഇന്ത്യ തങ്ങളുടെ അഞ്ച് മത്സരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലാണ്. ധർമ്മശാലയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ന്യൂസിലൻഡിനെതിരായ പ്ലെയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയ ഇന്ത്യ, യഥാക്രമം ഹാർദിക് പാണ്ഡ്യയ്ക്കും ഷാർദുൽ താക്കൂറിനും പകരം സൂര്യകുമാർ യാദവിനെയും മുഹമ്മദ് ഷമിയെയും കൊണ്ടുവന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഹാർദിക് പുറത്തായത്. ബെംഗളൂരുവിലെ എൻസിഎയിൽ സുഖം പ്രാപിക്കുന്ന ഓൾറൗണ്ടർ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരെ രണ്ട് റൺസ് മാത്രം നേടി റണ്ണൌട്ടായ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്താകും.

ന്യൂസിലാൻഡിനെതിരെ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ടീമിൽ സ്ഥാനം നിലനിർത്തും. എട്ടാം നമ്പരിൽ ബോളിങ് ഓൾറൌണ്ടർ എന്ന തന്ത്രം ഷമിക്കുവേണ്ടി ഇന്ത്യ മാറ്റും. മാച്ച് വിന്നിംഗ് സ്‌പെല്ലിന് ശേഷം മുഹമ്മദ് ഷമിയെ പുറത്താക്കുക എന്നത് രോഹിത് ശർമ്മയ്ക്ക് ബുദ്ധിമുട്ടായിരിക്കും.

ഷമി ഉൾപ്പടെ അഞ്ച് സ്പെഷ്യലിസ്റ്റ് ബോളർമാരെ ഇന്ത്യ കളിപ്പിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഷർദുൽ താക്കൂർ, അശ്വിൻ എന്നിവരിൽ ഒരാളെ എട്ടാ നമ്പരിലേക്ക് പരിഗണിച്ചാൽ ഷമിയോ സിറാജോ പുറത്തായേക്കാം. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും മികച്ച ഫോമിൽ ആയതിനാൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ബോളർമാരുമായി കളിച്ചേക്കാം. ശ്രേയസ് അയ്യർ ഇതുവരെ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിലും പ്ലെയിങ് ഇലവനിൽ സ്ഥാനം നിലനിർത്താനാണ് സാധ്യത. ടീമിലെ ബാക്കിയുള്ളവർ അതേപടി തുടരുന്നു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്രൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.