IND vs NZ, ICC World Cup 2023: ന്യൂസിലാൻഡിനെ മറികടക്കാൻ ഇന്ത്യ; ജയിച്ചാൽ സെമി ഉറപ്പിക്കാം


ധർമ്മശാല: ലോകകപ്പിൽ സെമിഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടുന്നു ഈ ലോകകപ്പിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ വരുമ്പോൾ തീപാറുന്ന പോരാട്ടമാണ് ധർമ്മശാലയിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇന്ന് ന്യൂസിലാൻഡിനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാനാകും. ഇരു ടീമുകളും കളിച്ച നാല് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയിൽ മുന്നിലാണ്. ഇരുവർക്കും എട്ട് പോയിന്‍റ് വീതമുണ്ടെങ്കിലും നെറ്റ് റൺ നിരക്കിൽ മുന്നിലുള്ള ന്യൂസിലാൻഡാണ് ഒന്നാമത്.

അതേസമയം ധർമ്മശാലയിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ മൂലം കളി തടസപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുണ്ട്. ധർമ്മശാലയുടെ ചില ഭാഗങ്ങളിൽ ഉച്ചതിരിഞ്ഞ് ഇടിയോട് കൂടിയ മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. താപനില 18 ഡിഗ്രി സെൽഷ്യസായിരിക്കും. കളി സമയത്ത് മഴ പെയ്യാൻ 42% സാധ്യതയുമുണ്ട്. ഏകദേശം 2.1 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. 99% മേഘാവൃതവും ദൃശ്യപരത 8 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നു.

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ഇതോടെ പാണ്ഡ്യയ്ക്ക് പകരം ആരാകും ടീമിൽ എത്തുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആർ അശ്വിനോ മുഹമ്മദ് ഷമിയോ അന്തിമ ഇലവനിൽ ഇടം നേടുമെന്നാണ് സൂചന.

ഇന്ത്യ സാധ്യത ടീം

രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (wk), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലാൻഡ് സാധ്യതാ ടീം

ഡെവൺ കോൺവേ, വിൽ യംഗ്, രച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലതാം (c) (Wk), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.