ഒന്നല്ല, രണ്ടല്ല, മൂന്ന് വട്ടം പിഴ; ലംബോർഗിനിയിൽ അമിതവേഗതയിൽ പാഞ്ഞ രോഹിത് ശർമയ്ക്ക് പിഴ


ഏകദിന ലോകകപ്പ് തുടങ്ങിയതോടെ വൻ ഫോമിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായി കോഹ്ലിയെ മറികടന്ന് മുന്നേറിയിരിക്കുകയാണ് താരം. റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള കോഹ്ലിയെ മറികടന്ന് രോഹിത് ആറാം സ്ഥാനത്തേക്കാണ് കുതിച്ചിരിക്കുന്നത്.

ക്രീസിൽ തിളങ്ങുന്നതിനിടയിൽ റോഡിൽ അത്ര നല്ല സമയമല്ല, ക്യാപ്റ്റന്. മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോയ താരത്തിന് മൂന്ന് തവണയാണ് താരത്തിന് പിഴ ഈടാക്കിയത്. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ മത്സരം നാളെ നടക്കാനിരിക്കേയാണ് അമിതവേഗതയിൽ താരത്തിന്റെ യാത്ര എന്നതും ശ്രദ്ധേയമാണ്. മുംബൈയിൽ നിന്നും പൂനേയിലേക്കുള്ള യാത്രയ്ക്കിടെയാണ് മൂന്ന് വട്ടം പിഴ ചുമത്തിയത്.‌

പാകിസ്ഥാനെതിരെയുള്ള മത്സരത്തിനു ശേഷം അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ഹെലികോപ്റ്ററിലാണ് താരം എത്തിയത്. മുംബൈയിൽ കുടുംബത്തോടൊപ്പം രണ്ട് ദിവസം ചെലവഴിച്ച ശേഷം ബംഗ്ലാദേശിനെതിരായ മത്സരത്തിന് പൂനേയിലേക്ക് പുറപ്പെട്ടതായിരുന്നു. തന്റെ നീല ലംബോർഗിനിയിലാണ് താരം മുംബൈയിൽ നിന്നും പൂനെയിലേക്ക് പുറപ്പെട്ടത്.

മണിക്കൂറിൽ 215 കിലോമീറ്റർ വേഗതയിൽ വരെ രോഹിത് ശർമ വണ്ടി ഓടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും പൂനെയിലേക്കുള്ള യാത്രയ്ക്കിടയിൽ മൂന്ന് വട്ടമാണ് അമിതവേഗത്തിന് പിഴ ചുമത്തപ്പെട്ടത്. ലോകകപ്പ് മത്സരം നടന്നു കൊണ്ടിരിക്കേ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തി മാതൃകാപരമല്ലെന്ന് ട്രാഫിക് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതായി സ്പോർട്സ് ബസ്സ് റിപ്പോർട്ട് ചെയ്യുന്നു.