ധോണിയല്ല ! 2011 ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആകേണ്ടത് മറ്റൊരു താരം; ഗൗതം ഗംഭീർ


മുംബൈ : ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ണായക നിമിഷ മായിരുന്നു 2011ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനല്‍. മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.2 ഓവറിൽ ജയം നേടി. നുവാന്‍ കുലശേഖര എറിഞ്ഞ പന്തില്‍ സിക്സടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ ധോണിയെ നമ്മള്‍ മറന്നുകാണില്ല. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ലോകകിരീടം ഉയര്‍ത്തിയ നിമിഷം കണ്ടവരാരും അന്നത്തെ ധോണിയുടെ പ്രകടനത്തെ വിസ്മരിക്കില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യയുടെ മുറ്റത്ത് നടക്കുമ്പോള്‍ 2011ലെ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. 91 റണ്‍സുമായി ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍ ധോണിയായിരുന്നു ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്. എന്നാല്‍ ധോണിയല്ല ഫൈനലിലെ കളിയിലെ താരമാകാന്‍ യോഗ്യനെന്നും മറ്റൊരു ഇന്ത്യന്‍ താരമാണ് ആ ബഹുമതിക്ക് അര്‍ഹനെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ.

ഇന്ത്യന്‍ പേസർ സഹീർ ഖാന് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്  അവാർഡ് നൽകണമായിരുന്നെന്നാണ് ഗംഭീറിന്റെ വാദം. 2023 ഏകദിന ലോകകപ്പിലെ ബംഗ്ലദേശ്– ന്യൂസീലൻഡ് മത്സരത്തിന് കമന്ററി പറയുന്നതിനിടെയാണ് ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കിയത്.

2011 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പന്‍ ബോളിങ്ങായിരുന്നു സഹീർ ഖാന്റേത്. താരത്തിന്റെ ആദ്യ മൂന്ന് ഓവറുകളിൽ സ്കോർ ചെയ്യാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. 21 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ സഹീർ ഖാൻ ഒന്നാമതെത്തി. മറുപടി ബാറ്റിങ്ങിൽ വിരേന്ദർ സേവാഗ്, സച്ചിൻ തെൻ‍ഡുൽക്കർ എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷമായിരുന്നു ഇന്ത്യ വിജയം പിടിച്ചെടുത്തത്.