നിത അംബാനി| IOC member Nita Ambani welcomed the inclusion of Cricket at 2028 LA Olympics – News18 Malayalam
കൊച്ചി: 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സ് ഗെയിംസിലെ സ്‌പോർട്‌സ് ഇനത്തിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതിനെ ഐഒസി അംഗമായ നിത എം. അംബാനി സ്വാഗതം ചെയ്തു. ഇതിലൂടെ ഒളിമ്പിക്സിന് ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് സ്വീകാര്യതയും അവസരങ്ങളും ഒരുക്കാൻ കഴിയുമെന്ന് അവർ അറിയിച്ചു. ഐഒസി അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിത അംബാനി.
“ഐഒസി അംഗം എന്ന നിലയിലും ഇന്ത്യക്കാരിയായ കടുത്ത ക്രിക്കറ്റ് ആരാധക എന്ന നിലയിലും 2028 ലെ ലോസ് ഏഞ്ചലസ് സമ്മർ ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്താൻ ഐഒസി അംഗങ്ങൾ വോട്ട് ചെയ്തതിൽ സന്തോഷമുണ്ട്”. മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന 141-ാമത് ഐഒസി സെഷനിൽ ക്രിക്കറ്റ് ഔദ്യോഗികമായി ഒളിമ്പിക് സ്‌പോർട്‌സ് ആയി സ്ഥിരീകരിച്ചതിന് ശേഷം നിത എം അംബാനി പറഞ്ഞു.
1900-ൽ ഒളിമ്പിക്‌സിന്റെ ഒരു പതിപ്പിൽ മാത്രമേ രണ്ട് ടീമുകൾ മാത്രം പങ്കെടുത്ത ക്രിക്കറ്റ് ഇടംപിടിച്ചിട്ടുള്ളൂ. “ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ ഇഷ്ടപ്പെടുന്ന കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്, ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ കായിക വിനോദമാണ്. 1.4 ബില്യൺ ഇന്ത്യക്കാർക്ക്, ക്രിക്കറ്റ് ഒരു കായിക വിനോദമല്ല, അതൊരു മതമാണ്”, നിത എം അംബാനി പറഞ്ഞു.
40 വർഷത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തുന്ന ഐഒസി സെഷൻ ചരിത്രത്തിൽ രണ്ടാം തവണയാണ് ഇന്ത്യയിൽ നടക്കുന്നത്. ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനം, കായികരംഗത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലാണ്. “നമ്മുടെ രാജ്യത്ത് മുംബൈയിൽ നടക്കുന്ന നൂറ്റിനാൽപ്പത്തിയൊന്നാമത് ഐഒസി സെഷനിൽ ഈ ചരിത്രപരമായ പ്രമേയം പാസാക്കിയതിൽ ഞാൻ സന്തുഷ്ടയാണ്”.
ഈ പ്രഖ്യാപനത്തോടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് കായികവിനോദങ്ങളോടുള്ള താല്പര്യം ഗണ്യമായി വർദ്ധിക്കുമെന്ന് നിത എം. അംബാനി പ്രത്യാശ പ്രകടിപ്പിച്ചു. “ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് വഴി ലോകമെമ്പാടും ഒളിമ്പിക് പ്രസ്ഥാനത്തിന് ആഴത്തിലുള്ള ഇടപെടൽ സൃഷ്ടിക്കാൻ കഴിയും. ഒപ്പം, ക്രിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ജനപ്രീതിക്ക് ഒരു ഉത്തേജനവും നൽകും”, അവർ കൂട്ടിച്ചേർത്തു.