മുംബൈ: 2036-ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 2023 ലെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പ്രകടനം ചരിത്രപരമാണ്. കായിക ഭാഷ സാർവത്രികമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സ്‌പോർട്‌സിൽ വിജയികളും പഠിതാക്കളും മാത്രമേ ഉള്ളൂവെന്നും തോൽക്കുന്നവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ സർക്കാർ എല്ലാ തലത്തിലും സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നു, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗ്രാന്റുകൾ, യൂത്ത് ഗെയിംസ്, സമ്മർ ഗെയിംസ്, എംപി സ്പോർട്സ് മത്സരം, പാരാ ഗെയിമുകൾ എന്നിവ ഇതിന് ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കായിക മത്സരങ്ങൾ ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ജീവിതശൈലിയുടെയും ഭാഗമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സ്പോർട്സ് ഇല്ലെങ്കിൽ നമ്മുടെ എല്ലാ ഉത്സവങ്ങളും അപൂർണ്ണമാണെന്ന് അദ്ദേഹം പറഞ്ഞു. “നമ്മൾ കേവലം കായിക പ്രേമികളല്ല, നമ്മൾ സ്പോർട്സിൽ ജീവിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ഇത് ആയിരക്കണക്കിന് വർഷത്തെ നമ്മുടെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിൽ ടീം ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടാണ് 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മുഖ്യപ്രഭാഷണം ആരംഭിച്ചത്.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ യോഗം നടക്കുന്നത്. 40 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഈ സുപ്രധാന സെഷൻ നടക്കുന്നത്. ഒക്ടോബർ 15 മുതൽ 17 വരെയാണ് ഐഒസി സെഷൻ നടക്കുന്നത്. അതിന് മുന്നോടിയാണ് ഇന്ന് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. 2022ൽ ബീജിംഗിൽ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ ഇടപെടലിലാണ് ഐഒസി സെഷൻ ഇന്ത്യയിൽ നടത്താനായത്. അന്ന് 99 ശതമാനം വോട്ടുകളും മുംബൈയ്ക്ക് അനുകൂലമായി ലഭിച്ചിരുന്നു.
ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത തീരുമാനമെടുക്കുന്ന സ്ഥാപനമാണ് ഐഒസി സെഷൻ. ഒളിംപിക്സുമായി ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതും തീരുമാനിക്കുന്നതും ഐഒസി യോഗത്തിലാണ്.
“നമുക്കെല്ലാവർക്കും ഒരുമിച്ച് 2024 പാരിസ് ഒളിമ്പിക് ഗെയിംസ് എല്ലാ മനുഷ്യരാശിയുടെയും സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാക്കാം. ഒരു പുതിയ കാലഘട്ടത്തിലെ ഒളിമ്പിക് ഗെയിംസ് പ്രദർശിപ്പിക്കാൻ പാരീസിനേക്കാൾ മികച്ച സ്ഥലം എന്താണ്. നമ്മുടെ സ്ഥാപകനായ പിയറി ഡി കൂബർട്ടിന്റെ ജന്മസ്ഥലമായ പാരീസ്; പാരീസ്, വെളിച്ചത്തിന്റെ നഗരമാണ്, പാരീസ്: പ്രണയത്തിന്റെ നഗരമാണ്”- 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങിൽ ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.