ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൽസരം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോക ക്രിക്കറ്റിലെ തന്നെ വൻ ശക്തികൾ തമ്മിൽ നേർക്കുനേർ വരുമ്പോൾ തീപാറുന്ന പോരാട്ടം ഉണ്ടാകുമെന്നുറപ്പ്. നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ. കഴിഞ്ഞ മാസം ഇതേ വേദിയിലാണ് ഇന്ത്യ – പാകിസ്ഥാൻ മൽസരം നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഫൈനൽ വേദിയിലെ മുഖ്യാതിഥി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻമാരായ എംഎസ് ധോണി, കപിൽ ദേവ് എന്നിവരും മൽസരം നേരിട്ടു കാണാൻ അഹമ്മദാബാദിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാണികൾക്കായി ധാരാളം വിനോദപരിപാടികളും സംഘാടകർ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫൈനൽ ദിവസം ആരാധകർക്കായി പ്രത്യേക എയർ ഷോയും ഉണ്ടായിരിക്കും. സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് ഗായകരായ ദുവാ ലിപ, പ്രീതം ചക്രവർത്തി, ആദിത്യ ഗധാവി എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടിയും ഉണ്ടായിരിക്കും.
Also read-മരുമകനെ ക്യാപ്റ്റൻ ആക്കാൻ പദ്ധതിയിട്ടെന്ന വാർത്തകൾ നിഷേധിച്ച് മുൻ പാക് ക്യാപ്റ്റൻ
ഇന്ത്യൻ ടീമിലെ കളിക്കാരുടെ കുടുംബാംഗങ്ങളും ഫൈനൽ കാണാൻ ഗാലറിയിലുണ്ടാകുമെന്നാണ് വിവരം. ഈ ലോകകപ്പിൽ ഇന്ത്യൻ ടീം കളിച്ച പല മൽസരങ്ങളും കാണാനെത്തിയ സച്ചിൻ തെണ്ടുൽക്കറും കിരീടപ്പോരാട്ടത്തിനുള്ള വേദിയിൽ ഉണ്ടാകും.
പ്രമുഖ രാഷ്ട്രീയക്കാർ, മുൻ ക്രിക്കറ്റ് താരങ്ങൾ, താരങ്ങളുടെ കുടുംബങ്ങൾ എന്നിവരെ കൂടാതെ, ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്), ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) തലവൻമാരും ഫൈനൽ വേദിയിൽ ഉണ്ടാകും. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളും ഫൈനൽ നേരിട്ടു കാണാൻ അഹമ്മദാബാദിലെത്തും.
ബുധനാഴ്ച മുംബൈയിൽ വെച്ചായിരുന്നു ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സെമിഫൈനൽ. മൽസത്തിൽ വിജയിച്ചതിനു ശേഷം, ഇന്ത്യൻ ടീമംഗങ്ങൾ അഹമ്മദാബാദിലെത്തി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി, ഇന്ന് ആദ്യ പരിശീലന സെഷൻ നടത്താനാണ് സാധ്യത. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം അരയും തലയും മുറുക്കി പോരാടാനുള്ള ഒരുക്കത്തിലാണ്. 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഒരിക്കൽ കൂടി മുത്തമിടുമോ എന്നറിയാൻ ഇനി രണ്ടു നാളുകൾ മാത്രം ബാക്കി.