പാക് ടി20ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. ലോകകപ്പിലെ ദയനീയമായ പ്രകടനത്തെ തുടർന്ന് കളിയുടെ എല്ലാ ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റൻസിയില്‍ നിന്ന് ബാബര്‍ അസം പടിയിറങ്ങിയതിന് തൊട്ടുപിന്നാലെയിരുന്നു ഈ പ്രഖ്യാപനം. ബാബർ നയിച്ച പാക് ടീംഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ബാബറിന് ഏറ്റുവാങ്ങേണ്ടി വന്നത്. തുടർന്ന് ബാബർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് മണിക്കൂറുകൾക്ക് ശേഷം ഷഹീൻ അഫ്രീദി ടി20 ടീമിനെ നയിക്കും എന്ന സ്ഥിരീകരണം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടു.
എന്നാൽ ഈ പ്രഖ്യാപനം പാക്കിസ്ഥാൻ ടീമിനെ പുതിയ വിവാദത്തിൽ ആക്കിയിരിക്കുകയാണ്. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റനായിരുന്ന ഷാഹിദ് അഫ്രീദി മരുമകനെ ക്യാപ്റ്റൻ ആക്കാൻ ഇടപെട്ടു എന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്. കൂടാതെ സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പ് എലിമിനേഷൻ മുതൽ ബാബറും ഷഹീനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
അതേസമയം വൈറ്റ് ബോൾ ഫോർമാറ്റുകളിൽ മുഹമ്മദ് റിസ്‌വാനെ ക്യാപ്റ്റനായി നിയമിക്കണമായിരുന്നു തന്റെ ആഗ്രഹമെന്നും ഷഹീൻ ഇപ്പോഴും ടീമിനെ നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആരോപണങ്ങളിൽ ഷാഹിദ് അഫ്രീദി പ്രതികരിച്ചു. കൂടാതെ ടെസ്റ്റിൽ ബാബർ നേതൃസ്ഥാനം നിലനിർത്തണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നും അഫ്രീദി പറഞ്ഞു. ” ഷഹീനെ ക്യാപ്റ്റനാക്കിയത് പൂർണമായും മുഹമ്മദ് ഹഫീസിന്റെയും പിസിബി ചെയർമാന്റെയും തീരുമാനമാണ്. സത്യത്തിൽ, ഷഹീനെ ക്യാപ്റ്റൻസിയിൽ നിന്ന് അകറ്റി നിർത്താൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു,” എന്നും അദ്ദേഹം വ്യക്തമാക്കി.
Also read-ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ ഒരുഗോളിന് തകർത്ത് ഇന്ത്യ
കൂടാതെ ബാബർ അസമിനെ പുറത്താക്കുന്നതിനെ ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്നും ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റരുതെന്ന് പിസിബി ചെയർമാനോട് നിർദ്ദേശിച്ചിരുന്നുവെന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു. അതേസമയം ലോകകപ്പിലെ അവസാന മത്സരം പരാജയപ്പെട്ടതോടെ ബാബർ തന്റെ നായകസ്ഥാനത്ത് നിന്ന് വിടവാങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. “ഇന്ന്, ഞാൻ എല്ലാ ഫോർമാറ്റുകളിലും പാക്കിസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്,” എന്ന് ലാഹോറിൽ പിസിബി മേധാവി സക്കർ അഷ്‌റഫുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ബാബർ കുറിച്ചു .
ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും അതിനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു എന്നും ബാബർ പറഞ്ഞു. എന്നാൽ മൂന്ന് ഫോർമാറ്റുകളിലും ഒരു കളിക്കാരനായി പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ടീം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മിക്കി ആർതറിനെ മാറ്റി മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസിനെ ടീം ഡയറക്ടറായി പാക് ബോര്‍ഡ് നിയമിക്കുകയും ചെയ്തു.