ICC World Cup 2023 | ഫൈനൽ, സെമിഫൈനലിസ്റ്റുകൾക്കു ലഭിക്കുന്ന സമ്മാനത്തുക എത്ര?


ഇത്തവണത്തെ ഐസിസി ഏകദിന ലോകകപ്പിന് ഫൈനലിന് ആതിഥ്യമരുളാൻ ഒരുങ്ങുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. നവംബർ 19 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് ലീഗ് മത്സരങ്ങൾക്ക് ശേഷം സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ന്യൂസിലാൻഡിനെ വീഴ്ത്തി ഇന്ത്യയും ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഓസ്‌ട്രേലിയയും ഫൈനൽ പ്രവേശനം ഉറപ്പിക്കുകയായിരുന്നു. ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും ഫൈനലിൽ എത്തിയില്ലെങ്കിലും ഏകദിന ലോകകപ്പിലെ മികച്ച നാല് ടീമുകൾ ആയതിനുള്ള സമ്മാനത്തുക ഇവർക്ക് ലഭിക്കും.

ടൂർണമെന്റന്റെ സമ്മാനത്തുകയായി 10 മില്യൻ യുഎസ് ഡോളറാണ് ഐസിസി മാറ്റിവെച്ചിരിക്കുന്നത്. കിരീടം നേടുന്ന ടീമിന് 4 മില്യൺ യുഎസ് ഡോളറും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് 2 മില്യൺ യുഎസ് ഡോളറും ലഭിക്കും. സെമിഫൈനലിൽ എത്തിയ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കക്കും ഐസിയിൽ 800,000 ഡോളർ വീതം സമ്മാനത്തുകയായി നൽകും. ഇതിനെല്ലാം പുറമേ, ലീഗ് മൽസരങ്ങളിലെ ഓരോ വിജയത്തിനും ഓരോ ടീമുകൾക്കും 40,000 ഡോളർ വീതവും ലഭിക്കും. ഞായറാഴ്ച നടക്കുന്ന ഫൈനൽ കാണാൻ ഒരു ലക്ഷത്തിലധികം കാണികൾ എത്തുമെന്നാണ് റിപ്പോർട്ട്. ഫൈനലിലായി കാത്തിരിക്കുകയാണെന്നും സ്റ്റേഡിയം നിറയെ കാണികൾ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഫൈനൽ വേദിയിലെ മുഖ്യാതിഥി.

Also read-World Cup 2023 Final ലോകകപ്പ് ഹരം: അഹമ്മദാബാദിൽ ഹോട്ടൽ റൂമിന് ഒരു ലക്ഷം, ഫ്ലൈറ്റ് ടിക്കറ്റ് 35000ന് മുകളിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻമാരായ എംഎസ് ധോണി, കപിൽ ദേവ് എന്നിവരും മൽസരം നേരിട്ടു കാണാൻ അഹമ്മദാബാദിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണികൾക്കായി ധാരാളം വിനോദപരിപാടികളും സംഘാടകർ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫൈനൽ ദിവസം ആരാധകർക്കായി പ്രത്യേക എയർ ഷോയും ഉണ്ടായിരിക്കും. സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് ഗായകരായ ദുവാ ലിപ, പ്രീതം ചക്രവർത്തി, ആദിത്യ ഗധാവി എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക സം​ഗീത പരിപാടിയും ഉണ്ടായിരിക്കും. ഇന്ത്യൻ ടീമിലെ കളിക്കാരുടെ കുടുംബാംഗങ്ങളും ഫൈനൽ കാണാൻ ​ഗാലറിയിലുണ്ടാകുമെന്നാണ് വിവരം.

ഈ ലോകകപ്പിൽ ഇന്ത്യൻ ടീം കളിച്ച പല മൽസരങ്ങളും കാണാനെത്തിയ സച്ചിൻ തെണ്ടുൽക്കറും കിരീടപ്പോരാട്ടത്തിനുള്ള വേദിയിൽ ഉണ്ടാകും. പ്രമുഖ രാഷ്ട്രീയക്കാർ, മുൻ ക്രിക്കറ്റ് താരങ്ങൾ, താരങ്ങളുടെ കുടുംബങ്ങൾ എന്നിവരെ കൂടാതെ, ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്), ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) തലവൻമാരും ഫൈനൽ വേദിയിൽ ഉണ്ടാകും. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളും ഫൈനൽ നേരിട്ടു കാണാൻ അഹമ്മദാബാദിലെത്തും. ബുധനാഴ്ച മുംബൈയിൽ വെച്ചായിരുന്നു ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സെമിഫൈനൽ. മൽസത്തിൽ വിജയിച്ചതിനു ശേഷം, ഇന്ത്യൻ ടീമംഗങ്ങൾ അഹമ്മദാബാദിലെത്തി.