ഓൺലൈൻ ബുക്കിങ്ങുകളും പണമിടപാടുകളുമെല്ലാം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പലതരത്തിലുള്ള സൈബർ തട്ടിപ്പുകളും കൂടിവരികയാണ്. ഇത്തരത്തിൽ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ഓൺലൈനായി ടിക്കറ്റ് എടുത്ത് തട്ടിപ്പിനിരയായ ഒരു യുവതി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഓൺലൈനായി ടിക്കറ്റുകൾ വിൽക്കുന്ന ഒരു പെൺകുട്ടിയുടെ പോസ്റ്റ് കണ്ടാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാൽ പിന്നീടാണ് തനിക്ക് പറ്റിയ അമളി ഇവർ തിരിച്ചറിഞ്ഞത്.
” അവളോട് സംസാരിച്ച ശേഷം വളരെ സത്യസന്ധതയുള്ള പെൺകുട്ടിയാണെന്ന് ഞാൻ കരുതി. അതിനാൽ ടിക്കറ്റുകൾക്കായി ഞാനെന്റെ നമ്പർ കൈമാറുകയും വലിയ തുക ഞാൻ കൈമാറുകയും ചെയ്തു” എന്നാണ് യുവതി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. തനിക്ക് ടിക്കറ്റുകൾ ലഭിച്ചിരിക്കുന്നത് മികച്ച ബ്ലോക്കിൽ ആണെന്നും ഇവർ അന്ധമായി വിശ്വസിച്ചു. അതുകൊണ്ടുതന്നെ ടിക്കറ്റിന്റെ തുകയെ കുറിച്ച് അപ്പോൾ കാര്യമാക്കിയില്ലെന്നും യുവതി വ്യക്തമാക്കി.
World Cup 2023 Final ലോകകപ്പ് ഹരം: അഹമ്മദാബാദിൽ ഹോട്ടൽ റൂമിന് ഒരു ലക്ഷം, ഫ്ലൈറ്റ് ടിക്കറ്റ് 35000ന് മുകളിൽ
എന്നാൽ പിന്നീടാണ് തനിക്ക് ലഭിച്ച ടിക്കറ്റുകൾ വ്യാജമാണെന്ന് യുവതിയുടെ സുഹൃത്ത് വഴി അറിയാൻ സാധിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും ഈ വ്യാജ ടിക്കറ്റുകളെ സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് കണ്ട സുഹൃത്ത് ഉടൻ തന്നെ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഇത് അറിഞ്ഞ ആ നിമിഷം തന്നെ ഹൃദയം തകർന്നുവെന്നും ടിക്കറ്റുകൾ തനിക്ക് വിറ്റ പെൺകുട്ടി തന്നെ ബ്ലോക്ക് ചെയ്തു എന്നും അവർ വെളിപ്പെടുത്തി.
ആ പെൺകുട്ടിയുടെ എക്സ് അക്കൗണ്ട്പോലും ഇപ്പോൾ നിലവിൽ ഇല്ലെന്നും തനിക്ക് നഷ്ടപ്പെട്ട പണം നിയമപരമായി തിരികെ വാങ്ങാൻ ശ്രമിക്കുമെന്നും യുവതി പറഞ്ഞു. അതോടൊപ്പം ഇത്തരം വ്യാജ തട്ടിപ്പുകളിൽ വിഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പെൺകുട്ടിയുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടുകളും കുറുപ്പിനൊപ്പം ഇവർ പങ്കുവെച്ചു. എന്നാല്‍ നിലവില്‍ ഈ പോസ്റ്റ് പ്രസ്തുത എക്സ് ഹാന്‍ഡിലില്‍ നിന്ന് അപ്രത്യക്ഷമായി.
ICC World Cup 2023 | ഫൈനൽ, സെമിഫൈനലിസ്റ്റുകൾക്കു ലഭിക്കുന്ന സമ്മാനത്തുക എത്ര?
എന്നാൽ യുവതിയെ വിമർശിച്ചുകൊണ്ട് ഈ പോസ്റ്റിന് താഴെ ചിലർ രംഗത്തെത്തി. ഒരു പരിചയമോ തെളിവോ ഇല്ലാതെ തികച്ചും അപരിചിതനായ ഒരു വ്യക്തിക്ക് 56,000 രൂപ അയച്ചതിൽ ഒരു കുറ്റബോധവും ഇല്ലേ എന്ന് ഒരു ഉപഭോക്താവ് യുവതിയോട് ചോദിച്ചു.
” ഞാൻ ഒരു ടിക്കറ്റിനായി 56, 000 നൽകിയെന്ന് കണ്ടെത്തിയാൽ എന്റെ മാതാപിതാക്കൾ എന്നെ പുറത്താക്കും ” എന്ന് മറ്റൊരാളും കുറിച്ചു. എന്നാൽ യുവതി പങ്കുവെച്ച സ്ക്രീൻഷോട്ടുകൾ യാഥാർത്ഥ്യമാണോ എന്നതിലും പലരും ആശങ്ക പ്രകടിപ്പിച്ചു. എന്തിനാണ് ആളുകൾ ഇത്തരത്തിലുള്ള വ്യാജ കഥകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് മറ്റു ചിലരുടെ പ്രതികരണം.