141-ാമത് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സെഷൻ ഒക്ടോബർ 15 മുതൽ 17 വരെയുള്ള തീയതികളിൽ മുംബൈയിൽ വെച്ച് നടക്കാനിരിക്കുകയാണ്. ഏകദേശം 40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഇത് രണ്ടാം തവണയാണ് കായികരംഗത്തെ ഈ പ്രധാന മീറ്റിങ്ങ് ഇന്ത്യയിൽ നടക്കുന്നത്. ഐഒസിയുടെ 86-ാമത് സെഷൻ 1983-ൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിലെ കായികമേഖലക്ക് വലിയ ഉത്തേജനം പകർന്നു. അതിനു ശേഷം, കൂടുതൽ കായിക ഇനങ്ങളിൽ ഇന്ത്യ മികവു തെളിയിച്ചിട്ടുണ്ട്. നിരവധി കായിക ഇനങ്ങളിൽ ഇന്ത്യക്കാർ ലോക ചാമ്പ്യന്മാർ ആയിട്ടുമുണ്ട്.
രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ തോൽപ്പിച്ച് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയ വർഷം എന്ന നിലയിലും 1983 രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്.
ഇന്ത്യയുടെ ഒളിംപിക് ആവേശം ഉയർന്നു കഴിഞ്ഞു; നിതാ അംബാനിയുടെ ശ്രമങ്ങൾ അതീവ ശ്‌ളാഘനീയം; ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്
ഫ്ലാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ്ബോൾ എന്നിവയ്‌ക്കൊപ്പം 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് മുംബൈയിൽ ഒളിമ്പിക് കമ്മിറ്റി യോഗം ചേരുന്നത്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുമോ എന്നതു സംബന്ധിച്ച ഔപചാരിക പ്രഖ്യാപനം മുംബൈയിൽ നടക്കുന്ന ഐഒസി സെഷനിൽ ഉണ്ടായേക്കാം.
ഏഷ്യൻ ഗെയിംസിലും കഴിഞ്ഞ തവണത്തെ ഒളിംപിക്സിലും ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തവുമായാണ് ഇന്ത്യ ശ്രദ്ധ നേടിയത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, കായിക വിനോദങ്ങളുടെ മുൻനിര വിപണികളിലൊന്നാണ് ഇന്ത്യ. മുംബൈയിൽ വെച്ചു നടക്കുന്ന ഐഒസി സെഷൻ, രാജ്യത്തെ കായികരംഗത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഒളിംപിക് പ്രസ്ഥാനത്തിന് രാജ്യം നൽകിയ സംഭാവനകളെ ആഘോഷിക്കാനുമുള്ള അവസരമാണ്. കൂടുതല്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലും നിരവധി കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകും.
സെപ്തംബറിൽ 18-ാമത് ജി 20 ഉച്ചകോടിക്ക് ന്യൂ ഡൽഹി ആതിഥേയത്വം വഹിച്ച് ഒരു മാസത്തിന് ശേഷമാണ് 141-ാമത് ഐഒസി സെഷൻ ഇന്ത്യയിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഐഒസി യോഗത്തിന്റെ ഭാഗമായി, കായിക ലോകത്തെ പ്രമുഖരായ 600-ലധികം പേരും നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയായ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം, 2022 ഫെബ്രുവരിയില്‍ ബീജിങ്ങിൽ നടന്ന 139-ാമത് ഐഒസി സെഷനില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്ന് 99 ശതമാനം പിന്തുണ നേടിയാണ് 141-ാമത് ഐഒസി സെഷന് വേദിയാകാൻ മുംബൈ തിരഞ്ഞെടുക്കപ്പെട്ടത്.