World Cup 2023 | ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ മുന്നിൽ ആരൊക്കെ? ജഡേജ ആദ്യ പത്തിൽ


ചെന്നൈ: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുകയാണ്. എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ബോളർമാരുടെ പട്ടിക ഒന്ന് പരിശോധിക്കാം. പാക്കിസ്ഥാനെതിരെ ഡച്ച് ടീമിന്റെ തോൽവിയിലും നാല് വിക്കറ്റ് വീഴ്ത്തിയ നെതർലൻഡ്‌സിന്റെ ബാസ് ഡി ലീഡാണ് മുൻനിര വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ.

ന്യൂസിലാൻഡ് താരം മാറ്റ് ഹെൻറിയാണ് പട്ടികയിൽ രണ്ടാമത്. ഒക്ടോബർ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐസിസി ഏകദിന ലോകകപ്പ് 2023 ന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് 9 വിക്കറ്റിന് വിജയിച്ചപ്പോൾ ഹെൻറി മൂന്ന് വിക്കറ്റ് വീഴ്ത്തി. പാക് താരം ഹാരിസ് റൌഫ് മൂന്ന് വിക്കറ്റുകളോടെ മൂന്നാമതാണ്. ഇക്കണോമി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് ഹാരിസ് മൂന്നാമതായത്.

ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലാം സ്ഥാനത്താണ്. മൂന്ന് വിക്കറ്റ് നേടിയ മറ്റൊരു ബംഗ്ലാ താരം ഹസൻ മിറാസ് അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോട്സീ മൂന്നു വിക്കറ്റുകളുമായി ആറാം സ്ഥാനത്തുണ്ട്.

ഇന്ത്യയിൽനിന്ന് രവീന്ദ്ര ജഡേജ ഈ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ ഏഴാം സ്ഥാനത്താണ്. ഓസീസ് താരം ജോഷ് ഹേസിൽവുഡും മൂന്ന് വിക്കറ്റ് നേടിയെങ്കിലും ഇക്കണോമി നിരക്കിന്‍റെ അടിസ്ഥാനത്തിൽ എട്ടാമതാണ്.

ന്യൂസിലൻഡിന്റെ മിച്ചൽ സാന്റ്‌നറും ഗ്ലെൻ ഫിലിപ്‌സും രണ്ട് വിക്കറ്റുമായി ആദ്യ പത്തിൽ ഇടംപിടിച്ചു.