തിരിച്ചടിച്ച് ഇന്ത്യ; മുന്നിൽ നിന്ന് നയിച്ച് സൂര്യകുമാര്‍; ഇന്ത്യക്ക് 2 വിക്കറ്റ് ജയം – News18 Malayalam

[ad_1]

വിശാഖപട്ടണം: ലോകകപ്പ് ഫൈനലിലെ തോൽവിക്കു ഓസ്ട്രേലിയയോട് പകരം ചോദിച്ച് ഇന്ത്യൻ യുവനിര. വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 2 വിക്കറ്റിന് വിജയിച്ചു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും (42 പന്തിൽ 80) ഇഷാൻ കിഷനും (39 പന്തില്‍ 58) ആണ് ഇന്ത്യയുടെ വിജയ ശിൽപികള്‍. അവസാന ഓവറുകളിൽ ശ്രദ്ധയോടെ കളിച്ച റിങ്കു സിങ്ങിന്റെ ഇന്നിംഗ്സും (14 പന്തിൽ 22) നിർണായകമായി.

209 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ റിതുരാജ് ഗെയ്ക്ക്വാദിന്റെ നഷ്ടമായി. ഒരു പന്തുപോലും നേരിടുന്നതിന് മുൻപേ റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ എത്തിയ ഇഷാൻ കിഷനും യശ്വസി ജയ്സ്വാളും റൺറേറ്റ് ഉയര്‍ത്തുന്നതിൽ ശ്രദ്ധിച്ചു. യശ്വസി ജയ്സ്വാള്‍ 8 പന്തില്‍ 21 റൺസ് (2 ഫോറും 2 സിക്സും) നേടി പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇഷാൻ കിഷാനും ചേർന്ന് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 5 സിക്സും 2 ഫോറും സഹിതമാണ് ഇഷാൻ കിഷൻ അർധസെഞ്ചുറി നേടിയത്. സൂര്യകുമാർ യാദവ് 4 സിക്സും 9 ഫോറും നേടി. അവസാന നിമിഷം വിക്കറ്റ് തുടരെ നഷ്ടപ്പെട്ടെങ്കിലും അവസാന പന്തിൽ സിക്സടിച്ച് റിങ്കുസിങ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. എന്നാൽ നോബാളായതിനാൽ ഒരു റണ്‍സ് മാത്രമാണ് കണക്കിലെടുക്കുക.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. 47 പന്തുകളിൽ സെഞ്ചുറി നേടിയ ജോഷ് ഇൻഗ്ലിസിന്റെ പ്രകടനമാണ് ഓസീസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അർധസെഞ്ചറി നേടി. രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡും ഇൻഗ്ലിസ് സ്വന്തമാക്കി. 50 പന്തിൽ 110 റൺസെടുത്താണ് ഇൻഗ്ലിസ് പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിൽ ഇൻഗ്ലിസിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

രണ്ടാം വിക്കറ്റിൽ ജോഷ് ഇൻഗ്ലിസ് – സ്റ്റീവ് സ്മിത്ത് സഖ്യം പടുത്തുയർത്തിയ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. വെറും 67 പന്തിൽ ഇരുവരും ചേർന്ന് ഓസീസ് സ്കോർ ബോർഡിൽ ചേർത്തത് 130 റൺസാണ്.

ആകെ 50 പന്തുകൾ നേരിട്ട ഇൻഗ്ലിസ് 11 ഫോറും 8 സിക്സും സഹിതമാണ് 110 റൺസെടുത്തത്. സ്മിത്ത് 41 പന്തിൽ എട്ടു ഫോറുകളോടെ 52 റൺസെടുത്ത് റണ്ണൗട്ടായി. ഓപ്പണർ മാത്യു ഷോർട്ട് 11 പന്തിൽ മൂന്നു ഫോറുകൾ സഹിതം 13 റൺസെടുത്തു. ടിം ഡേവിഡ് 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസോടെയും മാർക്കസ് സ്റ്റോയ്നിസ് ആറു പന്തിൽ ഏഴു റൺസോടെയും പുറത്താകാതെ നിന്നു.

ബൗളിങ്ങിൽ മുകേഷ് കുമാറാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നാല് ഓവറിൽ ആകെ വഴങ്ങിയത് 29 റൺസ് മാത്രം. രവി ബിഷ്ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ 54 റൺസ് വിട്ടുകൊടുത്തു. ഒരു വിക്കറ്റ് സ്വന്തമാക്കിയ പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 50 റൺസും വഴങ്ങി. അക്ഷർ പട്ടേൽ 4 ഓവറിൽ 32 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. അർഷ്ദീപ് സിങ് നാല് ഓവറിൽ 41 റൺസ് വഴങ്ങി.

Local-18

[ad_2]