കെട്ടിടത്തിലെ പഴയ വസ്തുക്കൾ ഇനി വേണ്ട! ലേലത്തിനൊരുങ്ങി ഇലോൺ മസ്ക്


പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായിരുന്ന ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിന് മുകളിൽ ഉണ്ടായിരുന്ന പഴയ വസ്തുക്കൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങി ഇലോൺ മസ്ക്. ട്വിറ്ററിന്‍റെ പഴയ മുഖമുദ്രയായിരുന്ന നീലക്കിളി ലോഗോ ഉൾപ്പെടെയുള്ള പഴയ വസ്തുക്കളാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ, ട്വിറ്ററിന്റെ ബ്രാൻഡിംഗിനായി ഉപയോഗിച്ച വലിയ സൈൻ ബോർഡ് ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.

ആഴ്ചകൾക്ക് മുൻപാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ പേര് എക്സ് എന്ന് റീബ്രാൻഡ് ചെയ്തത്. പേരിനൊപ്പം പഴയ ലോഗോയും മസ്ക് മാറ്റിയിരുന്നു. ലേലത്തിൽ കോഫി ടേബിളുകൾ, ഓയിൽ പെയിന്റിംഗുകൾ, കസേരകൾ, ഡിജെ ബൂത്ത്, സംഗീത ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, ട്വിറ്ററിന്റെ പഴയ ലോഗോ കെട്ടിടത്തിന് മുകളിൽ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. ലേലത്തിലൂടെ ലോഗോ സ്വന്തമാക്കുന്ന വ്യക്തിക്ക് അത് അഴിച്ചെടുത്ത് കൊണ്ടുപോകാവുന്നതാണ്.

ട്വിറ്ററിൽ വൈറലായി മാറിയ രണ്ട് ഓയിൽ പെയിന്റിംഗ് ചിത്രങ്ങളും ലേലത്തിനായി വെച്ചിട്ടുണ്ട്. രണ്ട് ദിവസം നീളുന്ന ലേലം നടപടികൾ സെപ്റ്റംബർ 12-നാണ് ആരംഭിക്കുക. ഇതിനു മുൻപ് കെട്ടിടത്തിലെ അടുക്കള ഉപകരണങ്ങളും, ജീവനക്കാർ ഉപയോഗിച്ചിരുന്ന കസേരകളും മേശകളും വിൽപ്പനയ്ക്ക് വെച്ചിരുന്നു.