പെട്ടെന്നുള്ള ആശയവിനിമയത്തിന് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വിവിധ ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ചെറിയ പിഴവിലൂടെ അക്കൗണ്ട് സ്വന്തമാക്കാൻ കാത്തിരിക്കുന്ന ഹാക്കർമാരും നമുക്ക് പിന്നാലെ ഉണ്ട്. അത്തരത്തിൽ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയാണെങ്കിൽ പരിഭ്രാന്തരാകാതെ ഉടനടി ഇക്കാര്യങ്ങൾ ചെയ്യാവുന്നതാണ്. അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസിലായാൽ ഏതെങ്കിലും വിധത്തിൽ എല്ലാ സുഹൃത്തുക്കളിലേക്കും ഹാക്ക് ചെയ്ത വിവരം പങ്കുവെക്കേണ്ടതാണ്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാനായി വാട്സ്ആപ്പിന് ഇ-മെയിൽ അയക്കേണ്ടതാണ്. ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടിന്റെ നമ്പർ സഹിതം [email protected] എന്ന വിലാസത്തിലാണ് ഇ-മെയിൽ അയക്കേണ്ടത്. ഫോൺ നിങ്ങളുടേതാണെന്ന് തെളിയിക്കാനായി ഫോൺ വാങ്ങുന്ന സമയത്തുള്ള പർച്ചേസ് ബിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ഉടമസ്ഥാവകാശം തെളിയിക്കാൻ സഹായിക്കും. തുടർന്ന് വാട്സ്ആപ്പിൽ നിന്നും മറുപടി സന്ദേശം ലഭിക്കുന്നതാണ്. അതേസമയം, നിങ്ങളുടെ നിലവിലുള്ള വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് പ്രൊഫൈൽ ഐക്കൺ മാറ്റി സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.