സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പിന് പൂട്ടുവീഴുന്നു, തമിഴ്നാട്ടിൽ ഇതുവരെ റദ്ദാക്കിയത് 25,135 വ്യാജ സിം കാർഡുകൾ
രാജ്യത്ത് സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിൽ, ഒരാളുടെ ആധാർ ഉപയോഗിച്ച് അയാൾ പോലും അറിയാതെ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ കണ്ടെത്തി റദ്ദ് ചെയ്യുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇത്തരം പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഒരൊറ്റ ആധാർ കാർഡ് ഉപയോഗിച്ച് നൂറിലധികം കണക്ഷനുകൾ വരെയാണ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ നാല് മാസത്തിനിടെ തമിഴ്നാട് സൈബർ ക്രൈം വിംഗ് നടത്തിയ പരിശോധനയിൽ വ്യാജമായി എടുത്ത 25,135 സിം കാർഡുകളാണ് റദ്ദ് ചെയ്തത്. മറ്റു വ്യക്തികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്തതതും, തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതുമായ സിം കാർഡുകളാണ് റദ്ദ് ചെയ്തതിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, വിജയവാഡയിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ഒരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് 658 സിം കാർഡാണ് എടുത്തിരിക്കുന്നത്. ഇത്തരത്തിലുളള തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഓരോ വ്യക്തിയുടെ പേരിലുള്ള സിം കാർഡുകൾ ഏതൊക്കെയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി ടെലികോം വകുപ്പ് പ്രത്യേക വെബ്സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് മൊബൈൽ നമ്പർ നൽകിയാൽ ഒടിപി ലഭിക്കും. ഈ ഒടിപി നൽകുന്നതിലൂടെ നിങ്ങളുടെ ആധാർ ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാർഡ് വിവരങ്ങൾ ലഭിക്കുന്നതാണ്. ഇതിൽ ഓരോരുത്തരുടെയും പേരിൽ എടുത്തിട്ടുള്ള സിം കാർഡുകൾ ഏതൊക്കെയെന്ന് പരിശോധിക്കണമെന്നും, ഉപയോഗിക്കാത്തതോ, അജ്ഞാതമായതോ ആയ നമ്പറുകൾ സ്വന്തം പേരിൽ ഉണ്ടെങ്കിൽ അവ റദ്ദ് ചെയ്യേണ്ടതുമാണ്.