ചാറ്റ്ജിപിടിക്ക് ചെലവേറുന്നു, ഓപ്പൺ എഐ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സാധ്യത


മാസങ്ങൾ കൊണ്ട് സ്വീകാര്യത നേടിയെടുത്ത ചാറ്റ്ജിപിടിയുടെ പ്രതിദിന ചെലവ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ചെലവ് ഉയർന്നതിനാൽ ചാറ്റ്ജിപിടി വികസിപ്പിച്ചെടുത്ത കമ്പനിയായ ഓപ്പൺ എഐ ഉടൻ തന്നെ സാമ്പത്തിക പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ, കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവീസായ ചാറ്റ്ജിപിടിയുടെ പ്രവർത്തനത്തിന് ഒരു ദിവസം 5.80 കോടി രൂപയാണ് ചെലവ്. ഈ ചെലവ് തുടരുകയാണെങ്കിൽ 2024-ന്റെ അവസാനം എത്തുമ്പോഴേക്കും കമ്പനി പാപ്പരാകാൻ സാധ്യതയുണ്ട്.

ചാറ്റ്ജിപിടി 3.5, ചാറ്റ്ജിപിടി 4 എന്നിവ വഴി വരുമാനം ഉണ്ടാക്കാനുളള ശ്രമങ്ങൾ ഇതിനോടകം കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ, ചെലവ് മറികടക്കാൻ കഴിയുന്ന തരത്തിൽ വരുമാനം ഉണ്ടാക്കിയെടുക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. 2022 നവംബറിലാണ് ചാറ്റ്ജിപിടി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഉപഭോക്താക്കളെ നേടിയെടുക്കുന്നതിൽ കമ്പനി വിജയം കൈവരിച്ചിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടപ്പോൾ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ മാത്രം യൂസർ ബേസിൽ 12 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട്. 170 കോടി ഉപഭോക്താക്കളിൽ നിന്നും 150 കോടിയായാണ് ചുരുങ്ങിയിരിക്കുന്നത്.