ഫോണിൽ നിന്ന് അപ്രതീക്ഷിതമായി ‘ബീപ്പ് ശബ്ദം’ മുഴങ്ങിയോ? പരിഭ്രാന്തരാകേണ്ട, അറിയിപ്പുമായി കേന്ദ്രസർക്കാർ


മൊബൈൽ ഫോണിൽ നിന്ന് അപ്രതീക്ഷിതമായ മുഴങ്ങിയ ‘ബീപ്പ് ശബ്ദത്തെ’ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, എമർജൻസി അലർട്ട് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ ഫോണുകളിൽ ബീപ്പ് സൗണ്ട് എത്തിയത്. മൊബൈൽ ഫോണുകളിലേക്ക് ഫ്ലാഷ് സന്ദേശം അയച്ചാണ് അലർട്ട് സംവിധാനം പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി ഈ പരീക്ഷണം നടക്കുന്നുണ്ട്. അതിനാൽ, ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ഫോണിൽ ഉച്ചത്തിലുള്ള ബീപ്പ് സൗണ്ട് കേൾക്കുകയും, Emergency Alert : Severe എന്ന ഫ്ലാഷ് സന്ദേശം തെളിയുകയും ചെയ്യും. ടെലികോം വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിലൂടെ അയച്ച സാമ്പിൾ ടെസ്റ്റ് മെസേജാണിത്. നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അവതരിപ്പിച്ച പാൻ- ഇന്ത്യ എമർജൻസി അലർട്ട് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിട്ടുള്ളത്. പൊതുസുരക്ഷ ഉറപ്പുവരുന്നതിനായി അടിയന്തിര ഘട്ടങ്ങളിൽ സമയബന്ധിതമായി അറിയിപ്പുകൾ നൽകാനാണ് ഈ സംവിധാനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഭൂകമ്പം, സുനാമി, പ്രളയം തുടങ്ങിയ അടിയന്തര ദുരന്ത സാഹചര്യങ്ങളെ നേരിടാൻ ഈ സംവിധാനം സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.