ചാനലിലും ഇനി അഭിപ്രായം അറിയിക്കാം! പോൾ ഫീച്ചർ ഉടൻ എത്തുമെന്ന് വാട്സ്ആപ്പ്


വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ചാനലിൽ പുതിയ അപ്ഡേറ്റുകൾ ഉടൻ എത്തും. പ്രധാന വിഷയങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം തേടാൻ സഹായിക്കുന്ന തരത്തിൽ പോൾ ഫീച്ചർ ചാനലിലും ഉൾപ്പെടുത്താനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഇതിനോടകം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോൾ ലഭ്യമാണ്. ഇതിന് പുറമേയാണ് ഈ ഫീച്ചർ ചാനലിലും അവതരിപ്പിക്കുന്നത്. നിലവിൽ, ടെക്സ്റ്റ് മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ എന്നിവ അഡ്മിന്മാർക്ക് പങ്കുവയ്ക്കാൻ കഴിയുന്ന തരത്തിലാണ് ചാനൽ പ്രവർത്തിക്കുന്നത്.

ചാനൽ അഡ്മിന്മാരും ഫോളോവേഴ്സും തമ്മിലുള്ള ആശയവിനിയം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പോൾ ഫീച്ചറിന് രൂപം നൽകുന്നത്. ഉപഭോക്താവിന് സിംഗിൾ ചോയ്സ് മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്നവിധം നിയന്ത്രണങ്ങളോടെയാണ് ഇത് അവതരിപ്പിക്കുക. കൂടാതെ, മുഴുവൻ ഉപഭോക്താക്കളുടെയും സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. അതായത്, പോളിൽ പങ്കെടുക്കുമ്പോൾ തന്നെ ഫോളോവേഴ്സിന്റെ ഫോൺ നമ്പർ മറച്ചുവെക്കുന്ന തരത്തിൽ സുരക്ഷ ഉറപ്പാക്കിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. അതിനാൽ, പോളിൽ പങ്കെടുത്തവരുടെ ഫോൺ നമ്പർ തിരിച്ചറിയാൻ കഴിയുകയില്ല.