ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം ബിഗ് സ്ക്രീനിൽ തെളിയും! പുതിയ പ്രഖ്യാപനവുമായി സംവിധായകൻ ഡാരൻ ആരോനോഫ്സ്
ശതകോടീശ്വരനും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകുന്നു. ലോകപ്രശസ്ത അമേരിക്കൻ സംവിധായകനായ ഡാരൻ ആരോനോഫ്സാണ് മസ്കിന്റെ ജീവിതം സിനിമയാക്കുന്നത്. മസ്കിന്റെ ജീവിതത്തിന് പുറമേ, ബഹിരാകാശ പര്യവേക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളും സിനിമയുടെ ഭാഗമാകും. എന്നാൽ, സിനിമയുടെ നിർമ്മാണ പ്രവർത്തനത്തെക്കുറിച്ചോ, അഭിനേതാക്കളെ കുറിച്ചോ ഡാരൻ ആരോനോഫ്സ് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
ഈ വർഷം സെപ്റ്റംബറിൽ പ്രശസ്ത എഴുത്തുകാരൻ വാൾട്ടൺ എറിക്സൺ മസ്കിന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഇലോൺ മസ്ക്’ എന്ന ജീവചരിത്രം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തെ ആധാരമാക്കിയാണ് ഡാരൻ ആരോനോഫ്സ് സിനിമ ഒരുക്കുന്നത്. എ24 പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിന്റെ നിർമ്മാണം. ബ്ലാക്ക് സ്വാൻ, ദി റെസ്ലർ, ദി വെയ്ൽ, പൈ, മദർ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഡാരൻ ആരോനോഫ്സ്. ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷൻ വരെ ഡാരൻ ആരോനോഫ്സിന് നേടാൻ സാധിച്ചിട്ടുണ്ട്.