ഫോൺ കോൾ ചെയ്യുമ്പോൾ ഇനി ഏത് ഭാഷയിലും വിവർത്തനം ചെയ്യാം! കിടിലൻ എഐ ഫീച്ചറുമായി സാംസംഗ്


അതിവേഗത്തിൽ വളർച്ച പ്രാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഓരോ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ന്  കമ്പനികൾ. ഇത്തവണ ഉപഭോക്താക്കൾക്കായി കിടിലൻ എഐ ഫീച്ചറാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ് അവതരിപ്പിച്ചിരിക്കുന്നത്. സാംസംഗ് സ്മാർട്ട്ഫോണുകൾക്ക് മാത്രമായി ഗാലക്സി എഐ എന്ന ഫീച്ചറിനാണ് കമ്പനി രൂപം നൽകിയിരിക്കുന്നത്. ഫോൺ കോളുകൾ തൽസമയം വിവർത്തനം ചെയ്യാൻ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറോടുകൂടിയാണ് ഗാലക്സി എഐ എത്തിയിരിക്കുന്നത്.

ദൈനംദിന സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനത്തിന് സാംസംഗ് തുടക്കമിട്ടിരിക്കുന്നത്. എഐ ലൈവ് ട്രാൻസിലേറ്റ് കോൾ എന്ന ഫീച്ചർ മുഖാന്തരം ഫോൺ കോളുകൾ ഏത് ഭാഷയിലേക്കും തൽസമയം വിവർത്തനം ചെയ്യാൻ കഴിയുന്നതാണ്. ഉപഭോക്താവ് സംസാരിക്കുന്നതിന്റെ വിവർത്തനം ടെക്സ്റ്റായും, ശബ്ദമായും നിർമ്മിക്കപ്പെടുമെന്നതാണ് സവിശേഷത. സാംസംഗിന്റെ ഫോൺ ആപ്പിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷം സാംസംഗ് പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളിൽ ഗാലക്സി എഐ ഫീച്ചർ ഉൾപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി.