കാത്തിരിപ്പ് അവസാനിച്ചു! ഇൻസ്റ്റഗ്രാം നഷ്ടപ്പെടാതെ ഇനി ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം, ഇക്കാര്യങ്ങൾ അറിയൂ
ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അക്കൗണ്ട് മാത്രമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം തലവൻ ആദം മെസേരി ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ത്രെഡ്സിലും ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം വേണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിൽ ആപ്പ് തുറന്ന് താഴെ വലതുവശത്തുള്ള പ്രൊഫൈൽ ബട്ടണിൽ ടാപ്പ് ചെയ്ത ശേഷം, സ്ക്രീനിന്റെ വലതുവശത്ത് ദൃശ്യമാക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ സെറ്റിംഗ്സ് തുറക്കുക. തുടർന്ന് പ്രൊഫൈൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നതാണ്. ഇതിലൂടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് മാത്രമായി ഡിലീറ്റ് ചെയ്യാൻ കഴിയുന്നതാണ്. അതേസമയം, ത്രെഡ്സിലെ പോസ്റ്റുകൾ ഫേസ്ബുക്കുമായി ഷെയർ ചെയ്യാനുള്ള സംവിധാനവും ലഭ്യമാണ്. ‘സജസ്റ്റിംഗ് പോസ്റ്റ് ഓൺ അതേർസ് ആപ്പ്’ എന്ന ഫീച്ചറാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്.
Also Read: പ്രതിഫലേച്ഛയില്ലാതെ പാർട്ടി പ്രവർത്തനം നടത്താൻ ആളെ വേണം: കോർപറേറ്റ് ശൈലിയിൽ പരസ്യം നൽകി സിപിഎം
ഈ വർഷം ജൂലൈയിലാണ് ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിക്കുക എന്ന രീതിയിൽ മെറ്റ, ത്രെഡ്സ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തിറക്കിയത്. എന്നാൽ, ത്രെഡ്സിൽ അക്കൗണ്ട് എടുത്ത ഉപഭോക്താക്കൾ നേരിട്ട വലിയ പ്രശ്നം ഇവ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും നഷ്ടപ്പെടുമെന്നതായിരുന്നു. ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് മെറ്റ നേരിട്ടത്. ട്വിറ്ററിലെ പല ഫീച്ചറുകളും ത്രെഡ്സിൽ ഇല്ലാത്തതിനാൽ ഉപഭോക്താക്കളുടെ എണ്ണവും താരതമ്യേന കുറയുകയായിരുന്നു.