വൺപ്ലസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റ് എത്തി, ലഭിക്കുക ഈ മോഡലിൽ മാത്രം


വൺപ്ലസ് ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇ-സിം പിന്തുണയുള്ള പുതിയ അപ്ഡേറ്റാണ് പുതുതായി എത്തിയിരിക്കുന്നത്. എന്നാൽ, വൺപ്ലസ് ഓപ്പൺ ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് ഈ അപ്ഡേറ്റ് ലഭിക്കുകയുള്ളൂ. ഈ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ഫോൾഡബിൾ സ്മാർട്ട്ഫോണാണ് വൺപ്ലസ് ഓപ്പൺ. നിലവിൽ, വിപണിയിലുള്ള മുൻനിര ബ്രാൻഡുകളെല്ലാം ഹാൻഡ്സെറ്റുകൾക്ക് ഇ-സിം പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ അപ്ഡേറ്റ് എന്ന നിലയിൽ വൺപ്ലസ് ഓപ്പൺ സ്മാർട്ട്ഫോണിലും ഇ-സിം സൗകര്യം എത്തിയത്.

ഫിസിക്കൽ സിം കാർഡുകൾക്ക് പകരമുള്ള ഡിജിറ്റൽ സിമ്മാണ് ഇ-സിം. പ്രവർത്തനത്തിന്റെ കാര്യത്തിൽ നിലവിലുള്ള സിം കാർഡുകളെപ്പോലെ സമാനതകൾ പുലർത്തുന്നവയാണ് ഇ-സിമ്മും. ഇക്കുറി ക്യാമറയിലും പുത്തൻ അപ്ഡേറ്റ് വൺപ്ലസ് എത്തിച്ചിട്ടുണ്ട്. ടെലി ഫോട്ടോ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളുടെ വ്യക്തത കൂടുതൽ ഉറപ്പുവരുത്തുന്നതിനുള്ള ഫീച്ചറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഈ ഫീച്ചർ ഉപകാരപ്രദമാകും.