വർഷങ്ങൾക്കു മുൻപ് ബ്രസീലിൽ നിന്ന് കണ്ടെത്തിയ പ്രത്യേക കാൽപ്പാദങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രസീലിയൻ നഗരമായ ഏറക്വാറയിലാണ് പ്രത്യേക തരത്തിലുള്ള കാൽപ്പാദങ്ങൾ ഗവേഷക സംഘം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ ഇവ ഏതു ജീവിയുടെ കാൽപ്പാദമാണെന്നതിൽ ഗവേഷക സംഘത്തിന് വ്യക്തത വരുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ ഇവ പുതിയ ഇനം ദിനോസറിന്റെതാണെന്ന് കണ്ടെത്തുകയായിരുന്നു.
1980-ൽ ഫോസിൽ സംബന്ധമായ പഠനങ്ങൾ നടത്തുന്ന ജുസപ്പേ ലിയോനോർഡിയാണ് പ്രദേശത്ത് ആദ്യമായി കാൽപ്പാദങ്ങൾ കണ്ടെത്തിയത്. ഫോസിൽ പഠനങ്ങളോടുള്ള താൽപ്പര്യം കൊണ്ട് ഈ കാൽപ്പാദങ്ങൾ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ അദ്ദേഹം നടത്തുകയായിരുന്നു. തുടർന്ന് 1984-ൽ അദ്ദേഹം കാൽപ്പാദങ്ങളുടെ മാതൃകകൾ ബ്രസീലിലെ മ്യൂസിക് ഓഫ് എർത്ത് സയൻസിന് കൈമാറി. ഏകദേശം 40 വർഷത്തിലധികം നീണ്ട പഠനത്തിൽ, മുൻപ് കണ്ടെത്തിയ ദിനോസറുകളുടെ കാൽപ്പാദവുമായി സാമ്യമില്ലെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു.
2023-ലാണ് ഇവ പുതിയ ഇനം ദിനോസറിന്റെ കാൽപ്പാടുകളാണെന്ന് കണ്ടെത്തിയ റിപ്പോർട്ട് പുറത്തിറക്കിയത്. പുതിയ ഇനം ദിനോസറിന് ‘ഫാർലോഇച്ചിനസ് റാപ്പിഡസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചെറിയ മാംസഭുക്കുകളായ ദിനോസറുകൾക്ക് സെരീമ പക്ഷിയുമായി സാമ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫോസിലുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് പുതിയ കണ്ടെത്തൽ നൽകുന്ന പാഠമെന്ന് ഗവേഷകർ പറഞ്ഞു.