പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇലോൺ മസ്കും പരസ്യ ദാതാക്കളും തമ്മിലുള്ള പോര് മുറുകുന്നു. ജൂതവിരുദ്ധ ഉള്ളടക്കങ്ങളെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്ന് പിന്മാറിയ പരസ്യ ദാതാക്കളെ അധിക്ഷേപിച്ചതോടെയാണ് കൂടുതൽ ബ്രാൻഡുകളുടെ പടിയിറക്കം. ദിവസങ്ങൾക്കു മുൻപാണ് ഇലോൺ മസ്കിന്റെ ജൂത വിരുദ്ധ പരാമർശം ഒന്നടങ്കം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
വെള്ളക്കാർക്കെതിരെ ജൂതർ വിദ്വേഷം വളർത്തുന്നുണ്ടെന്ന് ആരോപിച്ചുള്ള ഒരു ട്വീറ്റിന് താഴെ ‘യഥാർത്ഥ സത്യം’ എന്ന് മസ്ക് കമന്റ് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ വാൾട്ട് ഡിസ്നി, വാർണർ ബ്രോസ് ഡിസ്കവറി തുടങ്ങിയ ബ്രാൻഡുകൾ എക്സിൽ പരസ്യം ചെയ്യുന്നത് നിർത്തിവച്ചു. വിവാദമായ തന്റെ പോസ്റ്റിൽ മസ്ക് ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് പരസ്യദാക്കളെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു.
മസ്കിന്റെ പെരുമാറ്റത്തിൽ പ്രകോപിതരായി കൂടുതൽ ബ്രാൻഡുകൾ എക്സിൽ പരസ്യം ചെയ്യുന്നത് നിർത്തിവയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ഇതിനോടൊപ്പം എക്സിൽ നിന്ന് പടിയിറങ്ങിയ ബ്രാൻഡുകൾ തിരികെ എത്തുകയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, പരസ്യ ദാതാക്കളുടെ ബഹിഷ്കരണം എക്സിനെ വലിയ കടബാധ്യതയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മസ്ക് വ്യക്തമാക്കി.