സംഗീത സംവിധായകരാകാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഗൂഗിൾ നിങ്ങളെ സഹായിക്കും, ഈ എഐ ടൂളുകളെ കുറിച്ച് അറിഞ്ഞോളൂ..


സ്വന്തമായ രീതിയിൽ പ്രത്യേക താളവും ഈണവും നൽകി പാട്ടുകൾ ചിട്ടപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഫീച്ചറുമായി എത്തുകയാണ് ഗൂഗിൾ. വിവിധ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് സംഗീതം ചിട്ടപ്പെടുത്താൻ സഹായിക്കുന്ന ഫീച്ചറാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ടൂളുകൾ ഉപയോഗിച്ചാണ് സംഗീതം ചിട്ടപ്പെടുത്താൻ സാധിക്കുക.

ആഗോള തലത്തിലുള്ള നൂറിലധികം സംഗീതോപകരണങ്ങളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുത്തുശേഷം സംഗീതം ചിട്ടപ്പെടുത്താനാകും. ഇഷ്ടമുള്ള സംഗീതോപകരണം ഉപയോഗിച്ച് മ്യൂസിക് എൽഎമ്മിന്റെ സഹായത്തോടെ 20 സെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന സൗണ്ട് ക്ലിപ്പിന് രൂപം നൽകുന്ന തരത്തിലാണ് ക്രമീകരണം. ഉത്സവ സീസണുകളിൽ ഈ ഫീച്ചർ ഏറെ പ്രയോജനം ചെയ്യുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ.

നൂറിലധികം സംഗീതോപകരണങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയിരിക്കുന്നത് വീണയാണ്. ഓരോരുത്തരുടെ മാനസികാവസ്ഥ അനുസരിച്ച് സംഗീതം ചിട്ടപ്പെടുത്താൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഹാപ്പി, റൊമാന്റിക്, മൂഡി തുടങ്ങിയ വിവിധ മാനസികാവസ്ഥകളെ സമന്വയിപ്പിച്ച് കൊണ്ട് ആകർഷകമായ സംഗീതത്തിന് രൂപം നൽകാൻ കഴിയുന്നതാണ്. വരുന്ന മാസങ്ങളിൽ തന്നെ മുഴുവൻ ഗൂഗിൾ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.