ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. വാട്സ്ആപ്പിൽ അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസുകൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പ് സ്റ്റാറ്റസുകളിലെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കാൻ കഴിയുന്നതാണ്. നേരത്തെ സമാനമായ രീതിയിൽ വാട്സ്ആപ്പിൽ നിന്ന് ഫേസ്ബുക്കിലേക്കും തിരിച്ചും, ഫേസ്ബുക്കിൽ നിന്ന് ഇൻസ്റ്റഗ്രാമിലേക്കും പങ്കുവയ്ക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതാദ്യമായാണ് വാട്സ്ആപ്പിൽ നിന്ന് നേരിട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കാൻ കഴിയുന്ന ഫീച്ചർ ലഭ്യമാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ഓപ്ഷണലായാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻസ്റ്റയിൽ പങ്കുവയ്ക്കുന്ന കാര്യത്തിൽ ഉപഭോക്താവിന് പൂർണ്ണ സ്വാതന്ത്ര്യം ലഭ്യമാണ്. അതേസമയം, വാട്സ്ആപ്പിൽ നിന്ന് ഇൻസ്റ്റഗ്രാമിലേക്ക് ചിത്രങ്ങൾ സ്റ്റാറ്റസ് പങ്കുവയ്ക്കുമ്പോൾ ഗുണമേന്മയിൽ നേരിയ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. വരും ഘട്ടങ്ങളിൽ വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ അതേ ഗുണമേന്മ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് വാട്സ്ആപ്പ് തുടക്കമിടുന്നതാണ്.