ദീർഘകാല വാലിഡിറ്റി ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. വരിക്കാരെ പിടിച്ചുനിർത്താൻ കുറഞ്ഞ നിരക്കിൽ ഉള്ള പ്ലാനുകളാണ് ഇത്തവണ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവരാണെങ്കിൽ, ബിഎസ്എൻഎല്ലിന്റെ ഒരു വർഷം വാലിഡിറ്റിയുള്ള ഡാറ്റാ വൗച്ചർ തിരഞ്ഞെടുക്കാവുന്നതാണ്. ഇവയുടെ നിരക്കും മറ്റ് ആനുകൂല്യങ്ങളും പരിചയപ്പെടാം.
ഒരു വർഷത്തേക്ക് ഡാറ്റാ ആനുകൂല്യം ലഭിക്കുന്നതിനായി 1,515 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. മറ്റു ടെലികോം സേവന ദാതാക്കളെ അപേക്ഷിച്ച്, 1500 രൂപ നിരക്കിൽ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാൻ ലഭിക്കുക എന്നത് വളരെ ലാഭകരമാണ്. ഈ പ്ലാനിന് കീഴിൽ 2 ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുക. 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ, ഇന്റർനെറ്റ് കണക്ടിവിറ്റി വേഗത 40 കെബിപിഎസ് ആയി കുറയും. അതേസമയം, അൺലിമിറ്റഡ് വോയിസ് കോൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിന് കീഴിൽ ലഭിക്കുകയില്ല. ബിഎസ്എൻഎല്ലിനെ ഒരു സെക്കന്ററി സിം എന്ന നിലയിൽ ഉപയോഗപ്പെടുത്തുന്നവർക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.