നിർമ്മിത ബുദ്ധിയെ നിയന്ത്രിക്കാൻ നിയമനിർമ്മാണം, യൂറോപ്യൻ യൂണിയന്റെ ചരിത്ര പ്രഖ്യാപനത്തെ കുറിച്ച് കൂടുതൽ അറിയാം
കുറഞ്ഞ കാലയളവിനുള്ളിൽ ലോകത്തെ ഒന്നടങ്കം കീഴടക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാൻ നിയമനിർമ്മാണവുമായി യൂറോപ്യൻ യൂണിയൻ. ദിവസങ്ങൾക്കു മുൻപാണ് യൂറോപ്യൻ യൂണിയൻ ഇതുമായി ബന്ധപ്പെട്ട സമഗ്ര നിയമങ്ങളുടെ കരാറിന് അംഗീകാരം നൽകിയത്. എന്നാൽ, മണിക്കൂറുകൾ കൊണ്ടുതന്നെ യൂറോപ്യൻ യൂണിയന്റെ ചരിത്ര പ്രഖ്യാപനം വലിയ രീതിയിലുള്ള ശ്രദ്ധയാണ് നേടിയിരിക്കുന്നത്. യുഎസ്, ചൈന, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മറികടന്നാണ് യൂറോപ്യൻ യൂണിയൻ നിർമ്മിത ബുദ്ധിയെ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. യൂറോപ്യൻ പാർലമെന്റും, യൂറോപ്യൻ യൂണിയൻ അംഗങ്ങളും തമ്മിൽ നടന്ന 37 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് കരാറിന് ധാരണയായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുറമേ, സോഷ്യൽ മീഡിയയും, സെർച്ച് എൻജിനുകളും പുതിയ നിയമം വഴി നിയന്ത്രിക്കപ്പെടും. എക്സ്, ടിക്ടോക്ക്, ഗൂഗിൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഈ നിയമത്തിന് കീഴിൽ വരുന്നതാണ്. നിയമവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും, 2025-ന് മുൻപുതന്നെ നിയമം നിലവിൽ വന്നേക്കുമെന്നാണ് വിലയിരുത്തൽ. ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുവെങ്കിലും ചെറുകിട കമ്പനികള്‍ക്ക് പ്രയോജനം ചെയ്യും വിധം നിയമം ലളിതമാക്കണമെന്ന നിലപാടാണ് ഈ രാജ്യങ്ങളിലെ ടെക് കമ്പനികൾക്ക് ഉള്ളതെന്ന് സ്പെയിൻ എഐ സ്റ്റേറ്റ് സെക്രട്ടറി കാർമെ ആർട്ടിഗാസ് വ്യക്തമാക്കി.