മെസഞ്ചറിലെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചറിനെതിരെ വ്യാപക പ്രതിഷേധം, വിമർശനവുമായി ബാലാവകാശ സംഘടനകൾ രംഗത്ത്
ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഫേസ്ബുക്കിലും മെസഞ്ചറിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പാക്കിയ മെറ്റയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കുട്ടികളുടെ സുരക്ഷ, അവകാശം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരും, അഭിഭാഷകരുമാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ലൈംഗികമായി ചൂഷണത്തിനിരയാവുകയും, കടത്തപ്പെടുകയും ചെയ്യുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും ഉള്ള ശ്രമങ്ങൾക്ക് എൻക്രിപ്ഷൻ തടസ്സമാകുമെന്നാണ് ബാലാവകാശ സംഘടനകളുടെ വാദം.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ അത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രനിലേക്ക് (NCMEC) അയയ്ക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നിയമപരമായി ബാധ്യസ്ഥരാണ്. എന്നാൽ, എൻക്രിപ്ഷൻ നടപ്പാക്കുന്നത് ഇത്തരം നടപടികളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉറപ്പുവരുത്തുന്നതിലൂടെ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകർത്താവിന് മാത്രമേ അവ കാണാൻ സാധിക്കുകയുള്ളൂ. വാട്സ്ആപ്പ് നേരത്തെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. താമസിയാതെ മെസഞ്ചറിലും ഈ ഫീച്ചർ എത്തുന്നതാണെന്ന് കഴിഞ്ഞ ദിവസം മെറ്റ വ്യക്തമാക്കിയിരുന്നു. എൻക്രിപ്ഷനിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യതയും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്നാണ് ചില മനുഷ്യാവകാശ സംഘടനകളുടെ നിലപാട്.