സ്വന്തം ചിത്രം ഉപയോഗിച്ച് ഇമോജി ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മെസേജസ്. വ്യക്തിഗത ഇമോജികൾ ക്രിയേറ്റ് ചെയ്ത് പങ്കുവയ്ക്കാൻ കഴിയുന്ന ഫോട്ടോമോജി എന്ന പുതിയ ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. നിലവിൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഫോട്ടോമോജി ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിലൂടെ സന്ദേശങ്ങൾക്ക് കൂടുതൽ വ്യക്തിപരമായ അടുപ്പം സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. ഉപഭോക്താവിന്റെ മുഖം, തമാശ രൂപത്തിലുള്ള ഭാവപ്രകടനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ഇമോജി സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ ക്രമീകരണം.
റിയാക്ഷൻ ബാർ, ഇമോജി പിക്ചർ എന്നിവയിൽ നിന്നാണ് ഫോട്ടോമോജി ക്രിയേറ്റ് ചെയ്യേണ്ടത്. ഇമോജി ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ സന്ദേശങ്ങൾക്കൊപ്പം ചെറിയ ചിത്രമായി പങ്കുവയ്ക്കാൻ കഴിയുന്നതാണ്. ചിത്രത്തിൽ ടാപ്പ് ചെയ്യുമ്പോൾ ഇമോജി ഫുൾ ഫോട്ടോയായി കാണാൻ സാധിക്കും. കൂടാതെ, ഉപഭോക്താവിന് ഒരേസമയം 30 ഇമോജികൾ വരെ സേവ് ചെയ്ത് വെക്കാൻ കഴിയുന്നതാണ്. ഇവ ആവശ്യാനുസരണം ഫോട്ടോമോജി ടാബിൽ നിന്ന് ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ഉടൻ വൈകാതെ മുഴുവൻ ഉപഭോക്താക്കളിലേക്കും ഫോട്ടോമോജി ഫീച്ചർ എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.